പട്‌ന: അഴിമതിയിലൂടെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കണ്ടുകെട്ടി ഓപ്പണ്‍ സ്‌കൂളാക്കി മാറ്റുന്ന ബിഹാര്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് കോടതിയുടെ പച്ചക്കൊടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തി കെട്ടിപ്പൊക്കുന്ന വീടുകളും മന്ദിരങ്ങളും ജപ്തി ചെയ്ത് പാവപ്പെട്ട കുട്ടികള്‍ക്കുള്ള ഓപ്പണ്‍ സ്‌കൂളാക്കി മാറ്റുമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഗ്ദാനമാണ് കോടതി ഉത്തരവോടെ നടപ്പിലാകുന്നത്.
അഴിമതി നടത്തിയതിന് സസ്‌പെന്‍ഷനിലായ ഐ.എ.എസ് ഓഫീസര്‍ ശിവശങ്കര്‍ വര്‍മ്മയുടെ കൊട്ടാരസദൃശ്യമായ ബഹുനില കെട്ടിടമാണ് ഇത്തരത്തില്‍ സ്‌കൂളാക്കി മാറ്റുന്നത്. നടപടി ചോദ്യം ചെയ്ത് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി പട്‌ന ഹൈക്കോടതി തള്ളുകയും സര്‍ക്കാര്‍ തീരുമാനം ശരിവെക്കുകയും ചെയ്തു. 2007 ജൂലായ് ആറിനാണ് സെപ്ഷ്യല്‍ വിജിലന്‍സ് യൂണിറ്റ് വര്‍മ്മയുടെ വീടുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്. 1.43 കോടിയുടെ അനധികൃത സമ്പാദ്യം വര്‍മ്മയ്ക്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അഴിമതിപ്പണം ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട രാജകീയ കെട്ടിടങ്ങളില്‍ സര്‍ക്കാര്‍ വകയായുകയും അവിടെ വിദ്യ അഭ്യസിക്കാനുള്ള അവസരവുമാണ് നടപടിയിലൂടെ പാവപ്പെട്ട കുട്ടികള്‍ക്ക് ലഭിക്കുന്നത്.
Discussion about this post