ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സുപ്രീം കോടതി. സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മീഡിയവണിന്റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. മീഡിയ വണ്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് മീഡിയവണിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവച്ചതോടെ മീഡിയവണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post