ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനടക്കം പ്രതിയായി ഇ.ഡിയെടുത്ത കേസ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയായ റൗസ് ഷെരീഫിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളിയത്.
കേസിലെ സാക്ഷികളടക്കമുള്ളത് കേരളത്തിലാണെന്നും അതിനാല്‍ കേസ് കേരളത്തിലേക്ക് മാറ്റണമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് കേസില്‍ ഇ.ഡിയ്ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായി ഒരു കാരണവശാലും കേസ് കേരളത്തിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നും ഇ.ഡി കോടതിയെ അറിയിക്കുകയായിരുന്നു.
നിലവില്‍ ലക്നൗവിലാണ് കേസ് വിചാരണ നടക്കുന്നത്. യുഎപിഎ പ്രകാരം സിദ്ദിഖ് കാപ്പനെതിരെയെടുത്ത കേസില്‍ കഴിഞ്ഞ സെപ്തംബറില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു. എന്നാല്‍ ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനായില്ല. ഡിസംബറില്‍ ഇ.ഡിയെടുത്ത കേസിലും ജാമ്യം ലഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി മാസത്തില്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായിരുന്നു. 2020 ഒക്ടോബര്‍ അഞ്ചിന് ഹാത്രസ് സംഭവത്തെ തുടര്‍ന്ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകും വഴിയാണ് സിദ്ദിഖ് കാപ്പനടക്കം അഞ്ചുപേര്‍ അറസ്റ്റിലായത്.
Discussion about this post