കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡല്‍ഹിയില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് തന്നെയാണ് ടിക്കറ്റെടുത്തതെന്ന് ഇയാള്‍ മൊഴി നല്‍കി. ഇതോടെ കോഴിക്കോട് തന്നെ ആക്രമണം നടത്താനുറച്ചാണ് പ്രതി എത്തിയതെന്ന് പോലീസ് പറയുന്നു.
വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കോഴിക്കോട്ടേയ്ക്ക് ടിക്കറ്റെടുത്ത പ്രതി ഷൊര്‍ണൂരിലിറങ്ങിയത്. ഇയാളെ പെട്രോള്‍ പമ്പിലേക്കെത്തിച്ച ഓട്ടോ ഡ്രൈവറാണ് പമ്പ് പോലീസിന് കാണിച്ചു കൊടുത്തതെന്നാണ് വിവരം. എന്നാല്‍ ഷൊര്‍ണൂരില്‍ ഇറങ്ങിയത് എന്തിനെന്ന ചോദ്യത്തിന് പ്രതി കൃത്യമായ മറുപടി നല്‍കിയില്ല. ഇയാള്‍ ഷൊര്‍ണൂരിലിറങ്ങി പെട്രോള്‍ വാങ്ങിയത് മാറ്റാരുടെയോ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന.
അതേസമയം പ്രതിയെ കസ്റ്റഡിയില്‍ കിട്ടി ദിവസങ്ങള്‍ ആയിട്ടും തെളിവെടുപ്പ് വൈകുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും ബോധപൂര്‍വം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഷാറൂഖ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കോഴിക്കോട് നിന്നുള്ള മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തിയശേഷം ഇയാളുടെ ആരോഗ്യനില തൃപ്തകരമാണെന്ന് അന്വേഷണസംഘത്തെ അറിയിച്ചു. ഷൊര്‍ണൂരിലെ പമ്പിലുള്‍പ്പെടെ പ്രതിയെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന.
Discussion about this post