പത്തനംതിട്ട: സര്‍വൈശ്വര്യ സമൃദ്ധിക്കായി ശബരിമലയില്‍ ലക്ഷാര്‍ച്ചനയോടെ വിഷു പൂജകള്‍ക്ക് തുടക്കമായി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ബ്രഹ്മകലശം പൂജകള്‍ നടന്നു. പൂജ വേളിയില്‍ 25 ശാന്തിക്കാര്‍ കലശത്തിന് ചുറ്റുമിരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അര്‍ച്ചന കഴിച്ചു. ഉച്ചയോടെയാണ് ലക്ഷം മന്ത്രങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ചൈതന്യം നിറഞ്ഞ ബ്രഹ്മകലശം വാദ്യഘോഷത്തോടെയാണ് ശ്രീകോവിലില്‍ എത്തിച്ചത്. ശരണമന്ത്രജപത്തോടെ ഭക്തര്‍ കാത്തുനില്‍ക്കെ ബ്രഹ്മ കലശത്തിലെ ഭസ്മം തന്ത്രി ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. നിര്‍മ്മാല്യം തൊഴുന്നതിനായി ഇന്നലെ പുലര്‍ച്ചെ മൂന്ന് മുതല്‍ വലിയ നടപ്പന്തലിലും വടക്കേ നടയിലുമായി ഭക്തര്‍ നാമജപങ്ങളുമായി കാത്തുനിന്നു. ഉച്ചയ്ക്കാണ് കളാഭാഭിഷേകം നടന്നത്.
പതിനഞ്ചാം തീയതി പുലര്‍ച്ചെ നാല് മുതല്‍ 7.30 വരെയാണ് വിഷുക്കണി ദര്‍ശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. ഭഗവാനെ കണി കാണിച്ചതിന് ശേഷമാണ് ഭക്തര്‍ക്ക് കണികാണുന്നതിനുള്ള സമയം. വിഷുക്കണിദര്‍ശനത്തിനു ശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് കൈനീട്ടം നല്‍കും. ഏപ്രില്‍ 12 മുതല്‍ 19 വരെ വിവിധ പൂജകളാണ് ക്ഷേത്രത്തില്‍ നടക്കുക. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂര്‍ത്തിയാക്കി ഏപ്രില്‍ 19-ന് രാത്രി 10ന് നടയടയ്ക്കും.
Discussion about this post