അമൃത്‌സര്‍: വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ചെത്തിയ രണ്ട് പേര്‍ ബട്ടിന്‍ഡ മിലിട്ടറി സ്റ്റേഷനില്‍ അപ്രതീക്ഷ വെടിവെയ്പ്പ് നടത്തിയത്. ആയുധ ധാരികളായ ഒരാളുടെ കൈവശം ഇന്‍സാസ് റൈഫിളും മറ്റെയാളുടെ കയ്യില്‍ മൂര്‍ച്ചയുള്ള കോടാലിയുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാവിലെയുണ്ടായ വെടിവെപ്പില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ ജവാന്‍മാരുടെ ജീവനാണ് നഷ്മായത്. അക്രമകാരികള്‍ വെടിയുതിര്‍ത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറന്‍സിക് പരിശോധന നടക്കുകയാണ്. എന്നാല്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. സംഭവത്തിന് പിന്നാലെ ദ്രുതകര്‍മ്മസേനയെ വിന്യസിച്ചതായും പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും സൈന്യം അറിയിച്ചു.
പുലര്‍ച്ചെ നാലരയ്ക്കാണ് ബട്ടിന്‍ഡ സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റില്‍ വെടിവയ്പ്പുണ്ടായത്. കേന്ദ്രത്തിലെ ഓഫീസേഴ്‌സ് മെസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സാധാരണ വസ്ത്രം ധരിച്ച് എത്തിയ ഇവര്‍ മുഖം മൂടിയും അണിഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം ഇരുവരും ബാരക്കിന് സമീപമുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
Discussion about this post