ഡല്‍ഹി: ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. അന്തരിച്ച രേവതി തിരുനാള്‍ പി രാമവര്‍മ്മ രാജയ്ക്ക് പകരം പുതിയ നോമിനിയെ കക്ഷിയാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കാനുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് നിലവില്‍ മാറ്റിവെച്ചത്. മറുപടി രേഖാമൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കിയാണ് കോടതി കേസ് മാറ്റിയത്. പ്രധാന ഹര്‍ജിക്കാരനായിരുന്ന രേവതിനാള്‍ പി രാമ വര്‍മ രാജ അന്തരിച്ച സാഹചര്യത്തില്‍ തന്നെ പകരം ഹര്‍ജിക്കാരനാക്കണമെന്ന് മകയിരം നാള്‍ രാഘവ വര്‍മ്മ രാജ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് രേഖാമൂലം നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചത്.
ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥത സംബന്ധിച്ച കേസാണിത്. കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. തിരുവാഭരണം ദേവസ്വം ബോര്‍ഡിനു കൈമാറണമെന്ന 2006-ലെ ദേവപ്രശ്ന വിധിയെ എതിര്‍ത്തുകൊണ്ടുള്ളതാണ് ഹര്‍ജി. ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവെച്ചുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ രേവതിനാള്‍ പി രാമവര്‍മരാജയും കൊട്ടാരത്തിലെ മറ്റംഗങ്ങളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2020-ല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവാഭരണത്തിന്റെ എണ്ണവും തൂക്കവും കാലപ്പഴക്കവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ കോടതി ചുമലപ്പെടുത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Discussion about this post