തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്താകെ സ്ഥാപിച്ചിരിക്കുന്ന 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകള്‍ (എഐ) പ്രവര്‍ത്തനസജ്ജമായെങ്കിലും അടുത്തമാസം 19 വരെ പിഴയടയ്‌ക്കേണ്ടതില്ല. എന്നാല്‍, കാമറകള്‍ നിരത്തുകളിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും അതേക്കുറിച്ചുള്ള വിവരങ്ങള്‍ വാഹന ഉടമകള്‍ക്കു കൈമാറുന്നത് തുടരും.
പ്രധാന കണ്‍ട്രോള്‍ റൂമില്‍നിന്നു ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്കാണ് ദൃശ്യങ്ങള്‍ ആദ്യം കൈമാറുക. അവിടെ നിന്നും നോട്ടീസ് തയാറാക്കി വാഹന ഉടമകള്‍ക്കു നല്‍കുകയുമാകും ചെയ്യും. എന്നാല്‍, നിയമലംഘനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മെസേജ് ആയി അയയ്ക്കില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ സാങ്കേതിക സംവിധാനത്തിലൂടെ മാത്രമേ ഇത്തരത്തില്‍ മെസേജുകള്‍ അയയ്ക്കാന്‍ കഴിയുകയുള്ളൂ. ഇങ്ങനെ അയച്ചാല്‍ നിര്‍ബന്ധമായും പിഴ അടയ്ക്കുകയും വേണം. അതിനാലാണ് മെസേജ് വഴിയുള്ള അറിയിപ്പ് ഒഴിവാക്കി നോട്ടീസ് വഴി വിവരങ്ങള്‍ കൈമാറുന്നത്. നോട്ടീസില്‍ എത്ര രൂപയാണ് പിഴ എന്നു വ്യക്തമാക്കിയിരിക്കുമെങ്കിലും ഇത് ട്രയല്‍ ആണെന്നും അടയ്‌ക്കേണ്ടതില്ലെന്നും നോട്ടീസില്‍ രേഖപ്പെടുത്തും.
എന്നാല്‍, മേയ് 19നു ശേഷം മോട്ടോര്‍ വഹന വകുപ്പ് മെസേജ് ആയും നോട്ടീസ് ആയും വാഹന ഉടമയ്ക്ക് ഗതാഗത നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. ഇതിന് നിശ്ചയമായും പിഴയടയ്ക്കുകയും വേണം. പിഴയൊടുക്കിയില്ലെങ്കില്‍ അടുത്തുള്ള കോടതിയിലേക്ക് റഫര്‍ ചെയ്യും.
മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് എഐ കാമറ സ്ഥാപിച്ചതിലൂടെ ലക്ഷ്യമാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. വാഹനം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനങ്ങളില്‍ രണ്ടു പേര്‍ക്ക് ഹെല്‍മറ്റ് ധരിച്ചു യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. കൂടുതല്‍ പേരെ യാത്രയ്ക്ക് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും മന്ത്രി പറഞ്ഞു.
Discussion about this post