തിരുവനന്തപുരം: കേരളത്തിന്റെ പ്രഥമ വന്ദേഭാരത് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ സി 2 കോച്ചില്‍ തിരഞ്ഞെടുക്കപ്പെട്ട 42 വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇതിനുശേഷമാണ് വന്ദേഭാരതിന് പച്ചക്കൊടി വീശിയത്. മുഖ്യമന്ത്രി പിണറായി വിജയനും ട്രെയിനിനകത്ത് പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ലോക്കോ പൈലറ്റുമാരുമായും മോദി സംസാരിച്ചു. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്തില്ല ആദ്യയാത്രയില്‍ മതസാമൂഹിക രാഷ്ട്രീയ നേതാക്കളും താരങ്ങളും പങ്കെടുക്കുത്തു. വിവിധ സ്റ്റേഷനുകളില്‍ നിന്നായി 1000 വിദ്യാര്‍ത്ഥികള്‍ സൗജന്യ യാത്ര നടത്തും. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് അനന്തപുരിയില്‍ പ്രൗഢഗംഭീര സ്വീകരണമാണ് ലഭിച്ചത്.
പത്തേ കാലോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിലെത്തിയ മോദിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മേയര്‍ ആര്യ രാജേന്ദ്രന്‍, ശശി തരൂര്‍ എം പി, മന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
ചവേര്‍ ആക്രമണ ഭീഷണിയുടെയും ഇന്റലിജന്‍സിന്റെ സുരക്ഷാ സ്‌കീം ചോര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയ്ക്ക് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (എസ്.പി.ജി),കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) എന്നിവ സംയുക്തമായാണ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. എസ്.പി.ജി ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍. സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ഉന്നത ഐ.ബി ഉദ്യോഗസ്ഥര്‍ നേരിട്ട് സുരക്ഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
Discussion about this post