തിരുവനന്തപുരം: ഭാരതത്തിലെ ആദ്യ മൂന്നാംതലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തിരുവനന്തപുരത്തൊരുങ്ങുന്നു. പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന സയന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂര്‍ എന്നിവര്‍ പങ്കെടുത്തു.
ടെക്‌നോസിറ്റിയിലെ ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ മികവോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. സര്‍വകലാശാലകള്‍, വ്യവസായം, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള ആശയവിനിമയം വികസിപ്പിക്കുകയും പ്രയോജനപ്പെടുകയും ചെയ്യും. വ്യവസായ യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര -സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കും.
നിര്‍ദിഷ്ട പാര്‍ക്കില്‍ തുടക്കത്തില്‍ രണ്ട് കെട്ടിടങ്ങളാണ് ഉണ്ടാവുക. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലായിരിക്കും ഇത്. ഒന്നര ലക്ഷം ചതുരശ്രയടി ഉള്ളതാണ് ആദ്യ കെട്ടിടം. ആദ്യത്തെ കെട്ടിടത്തില്‍ റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍ക്യുബേറ്ററും ഉള്‍പ്പെടെ അഞ്ച് നിലകളും ഹൗസിംഗ് സെന്റര്‍ ഓഫ് എക്‌സലന്‍സും ഉണ്ടായിരിക്കും. രണ്ടാമത്തെ കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെന്റര്‍, ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ എന്നിവയുണ്ടായിരിക്കും. ടെക്‌നോപാര്‍ക്കിലെ കമ്പനി കെട്ടിടത്തില്‍ നിന്ന് വാടകയ്ക്കെടുത്ത 10,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
Discussion about this post