തിരുവനന്തപുരം: ജാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മലയാളി സി.ഐ.എസ്.എഫ് ജവാന്‍ മരിച്ചു. പേരൂര്‍ക്കട കുടപ്പനക്കുന്ന് അമ്പഴംകോട് (എന്‍.എന്‍.ആര്‍.എ 56എ) മയൂരത്തില്‍ എം.അരവിന്ദാണ് (35, കണ്ണന്‍) തിങ്കളാഴ്ച രാത്രിയോടെ നടന്ന അപകടത്തില്‍ മരണപ്പെട്ടത്. ജാര്‍ഖണ്ഡ് പത്രാതു സി.ഐ.എസ്.എഫ് യൂണിറ്റിലെ ജവാനാണ്. അരവിന്ദിനൊപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിയായ ജവാന്‍ ധര്‍മ്മപാലും മരണപ്പെട്ടു.
മാര്‍ക്കറ്റില്‍ പോയി മടങ്ങും വഴി അമിതവേഗത്തിലെത്തിയ കാര്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ കിടന്ന ഇരുവരെയും അര മണിക്കൂറോളം കഴിഞ്ഞ് പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജാര്‍ഖണ്ഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ തിരുവനന്തപുരത്തെത്തിക്കും.
വിമാനത്താവളത്തില്‍ നിന്നും മൃതദേഹം വിലാപയാത്രയായി കുടപ്പനക്കുന്നിലെ വീട്ടിലെത്തിക്കും. രാവിലെ ആറ് മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 7.15ന് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഹൗസിംഗ് ബോര്‍ഡില്‍ നിന്നും വിരമിച്ച പരേതനായ മധുസൂദനനാണ് പിതാവ്. മാതാവ്: അനിതകുമാരി. ആനന്ദ് സഹോദരനാണ്. ഭാര്യ: ആതിര. മകന്‍: ആരവ്.
Discussion about this post