ഇടുക്കി: അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വീണ്ടും ലഭിച്ചുതുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി സിഗ്‌നല്‍ ലഭിച്ചത്. ഇതിനുശേഷം ഇന്ന് രാവിലെ മുതലാണ് സിഗ്‌നല്‍ വീണ്ടും ലഭിച്ചുതുടങ്ങിയത്. നിലവില്‍ തമിഴ്നാട് അതിര്‍ത്തിക്കടുത്തുള്ള മുല്ലക്കുടിയിലാണ് അരിക്കൊമ്പന്‍ ഉള്ളതെന്നാണ് വിവരം.
റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടാതായതോടെ ജനവാസമേഖലയിലേയ്ക്ക് അരിക്കൊമ്പനിറങ്ങിയോയെന്ന ആശങ്ക ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അരിക്കൊമ്പനെ പെരിയാറിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടത്. മൂന്ന് ദിവസം കൊണ്ട് ആന 20 കിലോമീറ്ററോളം സഞ്ചരിച്ചതായാണ് വിവരം. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
ഇന്നലെ വൈകുന്നേരം മുതല്‍ ഇടുക്കിയിലെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതാകാം സിഗ്‌നല്‍ നഷ്ടമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേയ്ക്ക് കടന്നാലും സിഗ്‌നല്‍ നഷ്ടമാകാന്‍ ഇടയുണ്ട്. സിഗ്‌നല്‍ നഷ്ടപ്പെട്ടതിന് പിന്നാലെ രണ്ട് ടീമുകളിലായി തിരിഞ്ഞ് വനംവകുപ്പ് തിരച്ചിലും ആരംഭിച്ചിരുന്നു.
Discussion about this post