ബംഗളൂരു: കര്‍ണാടകത്തിന്റെ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പുതുജീവന്‍ കിട്ടിയ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. നിലവില്‍ 110ല്‍ അധികം സീറ്റുകളില്‍ ലീഡ് നേടിയ കോണ്‍ഗ്രസ് വിജയത്തിന്റെ പാതയില്‍ മുന്നേറുന്നുണ്ട്. കന്നഡ നാട്ടില്‍ ഭരണം പിടിക്കാനായാല്‍ അത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും നല്‍കുന്ന ഊര്‍ജത്തിന്റെയളവ് വളരെ വലുതാണെന്നതില്‍ ഭിന്നാഭിപ്രായമില്ല. ബിജെപി 70, ജെഡിഎസ് 25 എന്നീ നിലയിലേക്കാണ് ഫലസൂചനകള്‍ വരുന്നത്. ചിത്രം പൂര്‍ണമാകണമെങ്കില്‍ കുറച്ചു മണിക്കൂറുകള്‍ കൂടി കാത്തിരിക്കണം.
എന്നാല്‍ ആദ്യം മുന്നില്‍ നിന്ന ആളുകള്‍ പിന്നിലാകുന്നത് പലപ്പോഴും കണ്ടതാണ്, ഫലം വന്നിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നുമാണ് ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ വി മുരളീധരന്റെ പ്രതികരണം.തിരഞ്ഞെടുപ്പിന്റെ ഒരു ഫലവും ഇതുവരെ പുറത്തുവന്നിട്ടില്ല. വോട്ടെണ്ണലിന്റെ ആദ്യ സൂചനകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പലതിരഞ്ഞെടുപ്പുകളിലും ആദ്യം മുന്നില്‍ നിന്ന ആളുകള്‍ പിന്നിലാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിലെ ഫലം വരട്ടെ. ഭാരതീയ ജനതാപാര്‍ട്ടി അപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കും. ഒരു സീറ്റും ഇതുവരെ ആര്‍ക്കും കിട്ടിയിട്ടില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
Discussion about this post