‘ഓം പരസ്‌മൈ ജ്യോതിഷേ നമഃ’
ലളിതാ സഹസ്രനാമത്തിലെ 806 – മത് നാമം ആണ് പരംജ്യോതി: എന്നത്.
ദേവീ ഉപാസകന്‍ ആയ പൂജനീയ ഗുരുനാഥന്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ഏവരും പരാശക്തിസമര്‍ച്ചനം ശീലമാക്കണം എന്ന് ആഗ്രഹിച്ചു പ്രയത്‌നിച്ച പുണ്യാത്മാവാണ്.
ഇന്നത്തെ കാലത്ത് ഏവര്‍ക്കും സ്വീകരിക്കാവുന്ന ശ്രീലളിതോപാഖ്യാനത്തില്‍ പരാമര്‍ശിക്കുന്ന മട്ടിലുള്ള അനപായവും (അപായം ഇല്ലാത്തതും) സുഗമവും സദസത്കര്‍മഗോചരവും സര്‍വസിദ്ധി പ്രദായകവും ആയി പരാശക്ത്യുന്മുഖമായ ഒരു സാധന ലളിതാസഹസ്രനാമപാരായണവും നാമാര്‍ച്ചനയും ആണ് എന്ന് സ്വാമിജി ഉപദേശിച്ചു.
രഹസ്യനാമസാഹസ്രം ജപിക്കാനും അര്‍ച്ചന ചെയ്യാനും ജാതിലിംഗഭേദമെന്യേ ഏവര്‍ക്കും അധികാരം ഉണ്ടെന്ന് ഉറപ്പിച്ചു പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. ഏവര്‍ക്കും ഇതിന് അധികാരമില്ലെന്ന ധാരണ പരക്കെ നിലവിലിരുന്ന സമയത്താണ് സഹസ്രനാമം ജപിക്കാനും അര്‍ച്ചിക്കാനും മനശുദ്ധിയുള്ള ആര്‍ക്കും അധികാരമുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് അര്‍ച്ചനാവിധികള്‍ സ്വാമിജി ഏവരെയും പഠിപ്പിച്ചത്.
ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ ആരംഭത്തില്‍ തന്നെ സ്വാമിജി, ഇത്തരത്തില്‍ ഏവരെയും നാമാവലിയും സ്‌തോത്രവും പരിശീലിപ്പിച്ചുകൊണ്ട് ആശ്രമത്തില്‍ അര്‍ച്ചനകള്‍ സംഘടിപ്പിക്കുകയുണ്ടായി. കേരളത്തിനകത്തും പുറത്തുമായി വിവിധ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും അതിനായി സഹായിക്കുകയും ചെയ്തുപോന്നു.
നൈമിശാരണ്യത്തില്‍ ചക്രതീര്‍ത്ഥക്കരയിലുള്ള പരശുരാമനാല്‍ ഉപാസിതയായ ലളിതാംബികാദേവിയുടെ തിരുസന്നിധിയിലും മധുര മീനാക്ഷി ക്ഷേത്രത്തിലും സ്വാമി തൃപ്പാദങ്ങള്‍ ലളിതാസഹസ്രനാമ സമൂഹാര്‍ച്ചനകള്‍ ചെയ്യിച്ചതു പ്രസിദ്ധമാണ്.
ലളിതാ സഹസ്രനാമലക്ഷാര്‍ച്ചനകള്‍ ശ്രീരാമദാസാശ്രമത്തില്‍ സാധാരണമാണ്. കോടി അര്‍ച്ചനകളും അവിടെ അസാധാരണമല്ല. ദേവ്യുപാസനയിലേക്ക് മാനവജാതിയെ മുഴുവന്‍ ആനയിക്കുന്നതിലൂടെയാണ് വ്യക്തിയുടെ ദേവ്യുപാസന പൂര്‍ണ്ണത കൈവരിക്കുന്നത് എന്നതായിരുന്നു സ്വാമിജിയുടെ പക്ഷം.
രണ്ടായിരാമാണ്ടില്‍ (AD 2000) പരമഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ജയന്തിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ആശ്രമത്തില്‍ ലളിതാസഹസ്രനാമം കൊണ്ടു നൂറുകോടി അര്‍ച്ചന നടത്തണം എന്നു സ്വാമിജി സങ്കല്പം ചെയ്ത് തീര്‍ച്ചപ്പെടുത്തുകയും 2000 ജനുവരി 4 ന് ശതകോടി ലളിതാ സഹസ്രനാമാര്‍ച്ചന ആരംഭിക്കുകയും ചെയ്തു. ഒപ്പം രണ്ടു വലിയ ഹോമകുണ്ഡങ്ങളില്‍ ആയി തുടര്‍ച്ചയായ ഹോമങ്ങളും ആരംഭിച്ചു.
മാസങ്ങളോളം നീണ്ടു നിന്ന ഈ ആചരണങ്ങള്‍ക്കിടയില്‍ 2000 മെയ് 30 ന് ചൊവ്വാഴ്ച (ഇടവമാസത്തില്‍ കൃഷ്ണപക്ഷ ദ്വാദശിദിവസം അശ്വതി നക്ഷത്രത്തില്‍ )
ശതകോടി അര്‍ച്ചന നടന്നുകൊണ്ടിരുന്ന അവസരത്തില്‍ ഉദ്ദേശം 7 മണിക്ക് ആണ് ഒരു മഹാത്ഭുതം സംഭവിച്ചത്.
തെളിഞ്ഞ ആകാശത്തിന്റെ അനന്തതയില്‍ നിന്നു ഒരു പൊട്ടുപോലെ തീക്ഷ്ണമായ പ്രകാശപുഞ്ജം ജ്യോതിക്ഷേത്രത്തിനു മുകളിലേക്ക് കിഴ്ക്കാംതൂക്കായി ഇറങ്ങിവരുന്നു. അത് കണ്ട് ഭക്തജനങ്ങള്‍ ഭജനഘോഷം മുഴക്കി. നാമഘോഷം കേട്ടും അസാധാരണമായ പ്രകാശം തെളിഞ്ഞത് കണ്ടും ക്ഷേത്രത്തിനുള്ളിലും ചുറ്റുമണ്ഡപത്തിലും ഹോമസങ്കേതത്തിലും ഒക്കെയുമായി ഉണ്ടായിരുന്ന രണ്ടായിരത്തില്‍ പരം അര്‍ച്ചകരും ഓടിക്കൂടി.
സദ്ഗുരു നാരായണ്‍ മഹാരാജിന്റെ നേതൃത്വത്തില്‍ പൂനയില്‍ നിന്നുവന്ന 1700 അര്‍ച്ചകരും അവിടെ സന്നിഹിതരായിരുന്നു. ജ്യോതിക്ഷേത്രത്തിനു മുകളിലേക്ക് അന്തരീക്ഷത്തിലൂടെ മെല്ലെ മെല്ലെ താണു വരുന്തോറും അനേകം പ്രകാശഗോളങ്ങള്‍ നിറഞ്ഞ മണ്ഡലമായി അതു വളര്‍ന്നു. വിസ്തൃതമായ താഴികക്കുടത്തിന്റെ വലിപ്പം അതിനുള്ളതായി ദൃക്സാക്ഷികള്‍ക്കു അനുഭവപ്പെടുകയും ചെയ്തു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചൊരിഞ്ഞ് താഴികക്കുടത്തിനു തൊട്ടു മുകളില്‍ വന്നുനിന്ന ജ്യോതിര്‍മണ്ഡലം മൂന്നുതവണ മെല്ലെ ഉയര്‍ന്നു താണശേഷം പണി പൂര്‍ത്തീകരിച്ചിട്ടില്ലാത്ത, ശതകോടി അര്‍ച്ചനയുടെ പ്രധാനവേദിയായ ജ്യോതിക്ഷേത്രത്തിന്റെ മകുടഭാഗത്ത് ലയിക്കുകയും വലിയൊരു ഭാഗം ആകാശത്തിന്റെ കണ്ണെത്താത്ത ഉയരങ്ങളിലേക്കു സാവധാനം ഉയര്‍ന്നുപൊങ്ങി നക്ഷത്രാകാരമായി പരിണമിച്ചു ലയിച്ചടങ്ങുകയും ചെയ്തു.
ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദസരസ്വതി തൃപ്പാദങ്ങളും പൂനെയില്‍ നിന്നുള്ള സദ്ഗുരു നാരായണ്‍ അണ്ണാ മഹാരാജും അതു കാണാന്‍ ഭാഗ്യം സിദ്ധിച്ച ആയിരങ്ങളില്‍പ്പെടുന്നു.
ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ക്ഷേത്രമായി രൂപകല്പന ചെയ്ത ജ്യോതിക്ഷേത്രത്തില്‍ രാജ്യത്തിനകത്തുള്ള 501 ശക്തികേന്ദ്രങ്ങളില്‍ നിന്നുള്ള ജ്യോതിസ്സുകളോടൊപ്പം ‘താഴത്തെ ധ്യാനമണ്ഡപത്തില്‍ ശ്രീചക്രമേരു പ്രതിഷ്ഠിക്കണം’ എന്ന ജ്യോതിക്ഷേത്രനിര്‍മാണ ആരംഭത്തില്‍ തന്നെയുള്ള സ്വാമിജിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനം എന്തെന്ന് വ്യക്തമാക്കുന്ന സംഭവം ആയിരുന്നു ഇത്.
ജ്യോതിക്ഷേത്രത്തില്‍ പരാശക്തിയായ ‘പരംജ്യോതി:’ പ്രകടിതയായിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ആ രാജരാജേശ്വരിയുടെ അവസ്ഥയ്ക്ക് അനുസരിച്ച് ജ്യോതിക്ഷേത്രത്തിന്റെ സുവിലസിതരൂപത്തിലേക്ക് എത്താന്‍ ഇനിയും പ്രവര്‍ത്തികള്‍ ബാക്കിയുണ്ട്.
അത്തരം നിര്‍മാണപ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിനായി ആശ്രമാനുയായികളും അനുഭാവികളും സ്വാമിജിയുടെ ശിഷ്യരും ദേവീഭക്തരും ഉപാസകരും എല്ലാം ചേര്‍ന്ന് ഒരു സംവിധാനം സജ്ജമാക്കുകയാണ്.
അതിനായി 2023 മെയ് 21ന് രാവിലെ 10 മണിക്ക് ജ്യോതിക്ഷേത്രസങ്കേതത്തില്‍ വെച്ചു നടക്കുന്ന, വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന ‘ജ്യോതിര്‍മേളനം – 2023’ എന്ന പേരിലുള്ള, മഹാസമ്മേളനത്തില്‍ ഏവരുടേയും സാന്നിധ്യസഹകരണങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നു.
– ഡോ: ബ്രഹ്മചാരി ഭാര്‍ഗവ റാം,
ശ്രീരാമദാസ ആശ്രമം – ചേങ്കോട്ടുകോണം, തിരുവനന്തപുരം
സംഘാടകസമിതി കോ – ഓര്‍ഡിനേറ്റര്‍,
9400020075
Discussion about this post