ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. രാവിലെ രാംലീല മൈതാനിയില്‍ അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരാഹാരം ഒമ്പതാംദിവസത്തിലെത്തിയതോടെ അണ്ണാ ഹസാരെയുടെ ആരോഗ്യനില കൂടുതല്‍ മോശമായി. രാവിലത്തെ പരിശോധനയ്ക്കുശേഷം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. ആരോഗ്യം കണക്കിലെടുത്ത് നിരാഹാര സമരത്തില്‍നിന്ന് പിന്മാറാണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. നിരാഹാരം അവസാനിപ്പിക്കണം എന്നപേക്ഷിച്ച് ഹസാരെയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്നലെ കത്തുനല്‍കിയിരുന്നു. സ്പീക്കര്‍ അനുവദിക്കുകയാണെങ്കില്‍ ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതിരിപ്പിക്കാമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാമെന്നും കത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയുള്‍പ്പെടെയുള്ള സര്‍ക്കാര്‍പ്രതിനിധികള്‍ ഹസാരെ സംഘവുമായി ചര്‍ച്ചതുടങ്ങി.
Discussion about this post