ന്യൂഡല്‍ഹി: മിഗ് 21 വിഭാഗത്തിലുള്ള യുദ്ധവിമാനങ്ങളുടെ സേവനം അനിശ്ചിത കാലത്തേയ്ക്ക് നിര്‍ത്തിവെച്ചതായി അറിയിച്ച് ഇന്ത്യന്‍ വ്യോമസേന. രാജസ്ഥാനില്‍ മിഗ്-21 വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനാലാണ് നടപടി. നാല് പേരുടെ മരണത്തിന് കാരണമായ ദാബ്ലിയിലുണ്ടായ അപകടത്തിന് പിന്നാലെയാണ് മിഗ്-21 വിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നതിലെ കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചത്. ദുരന്തത്തിന് പിന്നിലെ കൃത്യമായ കാരണം അറിയുന്നത് വരെ മിഗ്-21 സ്‌ക്വാഡിന്റെ സേവനം നിര്‍ത്തിവെയ്ക്കാനാണ് വ്യോമസേനയുടെ തീരുമാനം.
സോവിയറ്റ് കാലഘട്ടത്തിലുള്ള സിംഗിള്‍ എഞ്ചിന്‍ യുദ്ധവിമാനമായ മിഗ്-21 പല അടിയന്തര സാഹചര്യങ്ങളിലും സേനയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. ദീര്‍ഘകാലമായി സേവനത്തിലുള്ള മിഗ്-21 വിമാനങ്ങള്‍ ഇടയ്ക്കിടയ്ക്ക് തകര്‍ന്നു വീഴുന്ന സംഭവങ്ങള്‍ സേനയ്ക്ക് അവമതിപ്പുണ്ടാക്കിയിരുന്നു. മേയ് എട്ടിന് രാജസ്ഥാനിലെ ദാബ്ലിയിലെ ഹനുമാന്‍ഘട്ടിലുണ്ടായ അപകടത്തോടെ വിമര്‍ശനങ്ങളും സജീവമായി. സുരത്ഘട്ടില്‍ നിന്ന് പുറപ്പെട്ട മിഗ്-21 വിമാനമായിരുന്നു വീടിന് മുകളിലേയ്ക്ക് തകര്‍ന്നുവീണത്. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സംഭവത്തിന് ശേഷമാണ് ഇപ്പോഴുണ്ടായ തീരുമാനത്തിലേയ്ക്ക് വ്യോമസേന നീങ്ങിയത്.
Discussion about this post