ന്യൂഡല്‍ഹി: ജനാധിപത്യത്തിലെ മറക്കാനാവാത്ത ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് അതിനുള്ള വഴികാട്ടിയാണ്. ആധുനികതയും പാരമ്പര്യവും ചേരുന്നതാണ് പുതിയ പാര്‍ലമെന്റെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതം മുന്നോട്ട് കുതിച്ചാലേ ലോകം മുന്നോട്ട് കുതിക്കൂ. രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം കൂടിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഇന്ത്യയുടെ യാത്ര ലോകം ആദരവോടെ വീക്ഷിക്കുന്നു.
ഹൈന്ദവാചാര പ്രകാരം പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്ഥാപിച്ച ചെങ്കോല്‍ രാജ്യത്തിന് മാര്‍ഗദര്‍ശിയാകും. ചെങ്കോല്‍ പാര്‍ലമെന്റ് നടപടികള്‍ക്ക് പ്രചോദനമാണ്. അധികാര കൈമാറ്റത്തിന്റെ പ്രതീകം തന്നെയാണ് ചെങ്കോല്‍.
പഴയ മന്ദിരത്തിന് പരിമിതികള്‍ ഏറെയായിരുന്നു. വിദേശ ഭരണം നമ്മുടെ അഭിമാനത്തെ കവര്‍ന്നെടുത്തു. എന്നാല്‍ ഇന്ന് ഇന്ത്യ കൊളോണിയല്‍ മനഃസ്ഥിതിയെ ഉപേക്ഷിച്ചു. കഴിഞ്ഞ ഒമ്പതുവര്‍ഷക്കാലം സംതൃപ്തിയുടേതെന്നും മോദി വ്യക്തമാക്കി.
അതേസമയം, അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ രാവിലെ പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഉച്ചയോടെ ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അതേസമയം, കോണ്‍ഗ്രസും ഇടതുപക്ഷവും, ആംആദ്മി പാര്‍ട്ടിയുമടക്കം 21 കക്ഷികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.
Discussion about this post