ബാലസോര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായെന്നും അപകട കാരണമടക്കമുള്ള വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബാലസോറിലെ റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ ഇന്നത്തോടെ പൂര്‍ത്തിയാകുമെന്നും എല്ലാം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ‘അപകടത്തിന്റെ അടിസ്ഥാനകാരണം എന്താണെന്ന് കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. ട്രാക്കിന്റെ പണി ഇന്ന് തന്നെ തീര്‍ക്കും. ബുധനാഴ്ച രാവിലെയോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.’- മന്ത്രി പറഞ്ഞു.
ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ തീവ്ര ശ്രമത്തിലാണ് റെയില്‍വേ. രാവും പകലും ആയിരത്തിലധികം തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും, ക്രെയിനുകളുമൊക്കെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അതേസമയം അപകടത്തില്‍ 288 പേരാണ് മരിച്ചത്. ഇതില്‍ ഇരുന്നൂറ്റി അറുപതിലധികം പേരെ തിരിച്ചറിഞ്ഞു.
Discussion about this post