ന്യൂഡല്‍ഹി: ഇരുചക്രവാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലെ സി പി എം അംഗം എളമരം കരീമിന്റെ കത്തിനുള്ള മറുപടിയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എളമരം കരീം കത്തുനല്‍കിയത്.
പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരാളടക്കം മൂന്നുപേര്‍ക്ക് ഇരുചക്രവാഹനത്തില്‍ യാത്രചെയ്യാന്‍ അനുവദിണക്കമെന്ന് നേരത്തേ കേരളവും കേന്ദ്രത്താേട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല. ഈ കത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കേണ്ടെന്നായിരുന്നു ഉന്നതതല യോഗ തീരുമാനം. കേന്ദ്രത്തിന്റെ നിലപാട് വ്യക്തമായ സ്ഥിതിക്ക് ഇനി സംസ്ഥാനം എന്ത് തീരുമാനമെടുക്കും എന്നതാണ് അറിയേണ്ടത്. ഇരുചക്രവാഹനത്തില്‍ മുതിര്‍ന്ന രണ്ടു പേര്‍ക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താല്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ക്യാമറ ഇടപാടിലെ അഴിമതി ആരോപണം വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കിയാല്‍ ജനരോഷമുയരുമെന്നു തിരിച്ചറിഞ്ഞായിരുന്നു പിന്‍വാങ്ങിയത്.
അതേസമയം, സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 726 എ.ഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതലാണ് പിഴ ഈടാക്കും. അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക കമ്മിറ്റി ക്യാമറകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അപാകതയില്ലെന്ന് കാട്ടി ഇന്നലെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇനിയും കെല്‍ട്രോണുമായുള്ള വ്യവസ്ഥകളില്‍ അന്തിമരൂപം കൈവരിക്കേണ്ടതുണ്ട്. സാങ്കേതിക കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ചര്‍ച്ചകള്‍ നടക്കും. കേടാകുന്ന ക്യാമറകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് കെല്‍ട്രോണാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സഹായം നല്‍കും. കെ.എസ്.ഇ.ബിയുടെ മാതൃകയില്‍ വാഹനാപകടങ്ങളില്‍ ക്യാമറ പോസ്റ്റുകള്‍ കേടായാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണനയിലുണ്ട്. ക്യാമറകള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
Discussion about this post