തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകള്‍ ഇന്നു മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ ചുമത്തും. ഇന്നു രാവിലെ എട്ടിനാണ് കാമറയുടെ പ്രവര്‍ത്തനം ആരംഭിക്കും. എട്ടിനു തന്നെ നിയമലംഘകര്‍ക്ക് ചെലാന്‍ അയയ്ക്കല്‍ ആരംഭിക്കും.
726 എഐ കാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 692 റോഡ് കാമറകളാണ് ഇന്നു പ്രവര്‍ത്തനമാരംഭിക്കുക. ദിവസവും 25,000 നോട്ടീസ് വീതം അയയ്ക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇത് പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കാനാണു തീരുമാനം. തപാല്‍ വഴിയാകും നിയമലംഘനം വാഹന ഉടമകളെ അറിയിക്കുക. എസ്എംഎസ് ആയുള്ള അറിയിപ്പ് തത്്കാലം ലഭിക്കില്ല. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളില്‍ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകള്‍ തങ്ങളുടെ മൊബൈല്‍ നന്പര്‍, ഇ -മെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ മോട്ടര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടലില്‍ നല്‍കിയിട്ടില്ല. ഇതിനാലാണ് തപാല്‍ മുഖേന നോട്ടീസ് അയയ്ക്കുന്നത്.
റോഡ് കാമറയുടെ പിഴയീടാക്കല്‍ ഓഡിറ്റിംഗിനു വിധേയമാണെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. പിഴയില്‍നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ക്കു മാത്രമാണ് ഇളവ്. വിഐപികളും സാധാരണക്കാരും ഒരേപോലെയാണ്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയലക്ഷ്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
വാഹന ഉടമകള്‍ക്കു പരാതിയുണ്ടെങ്കില്‍ പിഴയ്‌ക്കെതിരേ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. രണ്ടുമാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങും.
എമര്‍ജന്‍സി വാഹനങ്ങളെ ഒഴിവാക്കും
തിരുവനന്തപുരം: എമര്‍ജന്‍സി വാഹനങ്ങളെ എഐ കാമറ വഴിയുള്ള നിയമ ലംഘനങ്ങളില്‍നിന്ന് ഒഴിവാക്കും. ഇത്തരം വാഹനങ്ങളെ പിഴകളില്‍നിന്ന് ഒഴിവാക്കാന്‍ ചട്ടമുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളും ഈ വിഭാഗത്തില്‍ വരും. എമര്‍ജന്‍സി വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ബീക്കണ്‍ ലൈറ്റുകള്‍ പോലുള്ള സംവിധാനങ്ങള്‍ എഐ കാമറ തിരിച്ചറിയുന്നതു വഴിയാണ് ഇത്തരം വാഹനങ്ങള്‍ പിഴയില്‍ നിന്ന് ഒഴിവാകുന്നത്.
12 വയസില്‍ താഴെയുള്ളവര്‍ക്ക് പിഴയില്ല
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ മൂന്നാം യാത്രക്കാരനായി 12 വയസില്‍ താഴെയുള്ളവരെ തത്കാലം അനുവദിക്കും. ഹെല്‍മറ്റ് ധരിച്ചുള്ള യാത്രയ്ക്ക് പിഴയീടാക്കില്ല.
മൂന്നാം യാത്രക്കാരനായി 12 വയസില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കുന്നതിനു കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രതീരുമാനം വരും വരെ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനയാത്രയില്‍ പിഴ ഈടാക്കില്ലെന്നു മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നാലു വയസിനു മുകളിലുള്ള എല്ലാ കുട്ടികളും ഹെല്‍മറ്റ് ധരിക്കണം.
പിഴ ഏതുവിധത്തില്‍
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകള്‍ വഴി 250 രൂപ മുതല്‍ 2000 രൂപ വരെയുള്ള പിഴയാണ് ചുമത്തുക.
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ.
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ.
ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ.
ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ.
അനധികൃത പാര്‍ക്കിംഗ് 250 രൂപ.
അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം പോലുള്ള നിയമലംഘനങ്ങള്‍ കോടതിക്കു കൈമാറും.
ഓരോ തവണ കാമറയില്‍ പതിയുന്‌പോഴും പിഴ ആവര്‍ത്തിക്കും.
അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.
Discussion about this post