തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച എഐ കാമറകള്‍ വഴി ആദ്യദിനം 28,891 പേര്‍ക്ക് പിഴ ചുമത്തി.
ഇന്നലെ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള നിയമലംഘനങ്ങളുടെ കണക്കുകളാണ് വകുപ്പ് പുറത്തു വിട്ടത്. 726 കാമറകളില്‍ 692 എണ്ണമാണ് ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 250 മുതല്‍ 3000 വരെ രൂപ പിഴ ഈടാക്കാന്‍ കഴിയുന്ന കുറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. നിയമലംഘനങ്ങള്‍ നടത്തിയ വാഹന ഉടമകള്‍ക്ക് ഉടന്‍ നോട്ടീസ് അയയ്ക്കും. ഇതിനൊപ്പം മൊബൈല്‍ നന്പറിലേക്ക് എസ്എംഎസും ലഭിക്കും.
കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ കെല്‍ട്രോണിന്റെ ജീവനക്കാര്‍ മോട്ടോര്‍ വാഹനവകുപ്പിനു കൈമാറും. തുടര്‍ന്ന് നിയമലംഘനത്തിന്റെ ചിത്രം പരിശോധിച്ച ശേഷം മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് പിഴ ചുമത്തുന്നത്.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, സിഗ്‌നല്‍ ലംഘനം, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിംഗ്, അതിവേഗം എന്നീ നിയമലംഘനങ്ങളാണ് കാമറകള്‍ വഴി കണ്ടെത്തുന്നത്.
Discussion about this post