ന്യൂഡല്‍ഹി: ആരോഗ്യം, ശുചിത്വം, രുചികരം ഏന്നീ ആശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഭക്ഷണസാധനങ്ങള്‍ വിളമ്പാന്‍ രാജ്യത്തെമ്പാടും ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍. ഈ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 100 ഭക്ഷ്യവീഥികള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യ ദൗത്യം, ഭവന, നഗരകാര്യ മന്ത്രാലയവുമായി യോജിച്ച് എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷ്യവീഥി പദ്ധതിയുടെ ഭാഗമായി എക്‌സ്‌ക്ലൂസീവ് കാര്‍ട്ട്, ബ്രാന്‍ഡിംഗ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം, സുരക്ഷിതമായ കുടിവെള്ളം, കൈകഴുകല്‍, കക്കൂസ് സൗകര്യങ്ങള്‍, പൊതുയിടങ്ങളിലെ ടൈല്‍ പാകിയ തറകള്‍, ശരിയായ മാലിന്യ സംസ്‌കരണം, വെളിച്ചം തുടങ്ങിയ സൗകര്യങ്ങള്‍ നടപ്പിലാക്കും. വഴിയോരങ്ങളില്‍ നിന്നുള്ള ഭക്ഷണ വ്യാപാരം ഇന്ത്യന്‍ ഭക്ഷ്യ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്.
രാജ്യത്തുടനീളം നഗരവല്‍ക്കരണത്തിന്റെ ഭാഗമായി സമാനരീതിയിലുള്ള ഭക്ഷ്യശാലകള്‍ കൂടിവരുന്നുണ്ടെങ്കിലും ഭക്ഷ്യസുരക്ഷയും വൃത്തിയും ആശങ്ക സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇത്തരത്തില്‍ രാജ്യത്തെമ്പാടും ഭക്ഷ്യവീഥി പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഭക്ഷ്യ ബിസിനസുകളുടെ നില മെച്ചപ്പെടുത്തുകയും അതിലൂടെ പ്രാദേശിക തൊഴില്‍, ടൂറിസം, സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് പുതിയ ആശയം നടപ്പിലാക്കുന്നത്.
Discussion about this post