എറണാകുളം: കൊച്ചി മെട്രോയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. യാത്രക്കാര്‍ക്ക് നിരവധി ഓഫറുകളും ആഘോഷ പരിപാടികളുമാണ് മെട്രോ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നു മുതല്‍ മെട്രോ സ്റ്റേഷനുകളില്‍ മത്സരങ്ങളുണ്ടാവും. ഇന്ന് ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ബോര്‍ഡ് ഗെയിമുകള്‍ ആരംഭിച്ചു. നാളെ സ്റ്റേഡിയം സ്റ്റേഷനില്‍ 2 മുതല്‍ ചെസ് മത്സരം നടത്തും.
ജൂണ്‍-17 ന് കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചിട്ട് ആറുവര്‍ഷം തികയുകയാണ്. മെട്രോയുടെ പിറന്നാള്‍ ദിനമായ അന്നേ ദിവസം യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. 20 രൂപയ്ക്ക് യാത്രചെയ്യാം. മിനിമം നിരക്കായ 10 രൂപ അതേപടി തുടരും. 30, 40, 50, 60 രൂപയുടെ ടിക്കറ്റിന് പകരം 20 രൂപ മാത്രം നല്‍കിയാല്‍ മതി. റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക്ക് 17-ന് കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉല്‍പ്പന്ന പ്രദര്‍ശന- വില്‍പ്പന മേള ഒരുക്കും. മെട്രോയും താരസംഘടനയായ അമ്മയും ചേര്‍ന്നൊരുക്കുന്ന മെട്രോ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ 60 എന്‍ട്രികള്‍ ഇതിനകം തന്നെ ലഭിച്ചു.
ജൂണ്‍ 17-ന് ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ബോബനും മോളിയും എന്ന പേരില്‍ മെട്രോ നടത്തുന്ന ക്വിസ് മത്സരം വൈറ്റില മെട്രോ സ്റ്റേഷനില്‍ വെച്ച് നടക്കും. വിശദവിവരങ്ങള്‍ക്ക് 79076 35399 എന്ന നമ്പറില്‍ ബന്ധപ്പെടുക. അന്നേദിവസം ചിത്രരചനാ മത്സരവും 15 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചെസ് മത്സരവും നടത്തും.
ജൂണ്‍-15 ന് മെട്രോ ട്രെയിനുകളില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരച്ചു സമ്മാനിക്കും. ജൂണ്‍ 16-ന് എസ്സിഎസ്എംഎസ് കോളജിന്റെ സഹകരണത്തോടെ പൊതുഗതാഗത കോണ്‍ക്ലേവ് നടത്തും. ജൂണ്‍-11 മുതല്‍ 17 വരെ ആലുവ, കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളില്‍ കുടുംബശ്രീ പ്രദര്‍ശന-വില്‍പ്പന മേള സംഘടിപ്പിക്കും. ജൂണ്‍-22 മുതല്‍ 25 വരെ വൈറ്റില സ്റ്റേഷനില്‍ ഫ്ളവര്‍ ആന്‍ഡ് മാംഗോ ഫെസ്റ്റും മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post