കൊച്ചി: പുനര്‍ജനി പദ്ധതിക്കായി വിദേശ പണപ്പിരിവ് നടത്തിയതില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എല്ലാവിധ അന്വേഷണത്തോടും സഹകരിക്കും. ആദ്യം ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ താന്‍ വെല്ലുവിളിച്ചതാണെന്നും സതീശന്‍ പറഞ്ഞു.
ലോക കേരള സഭയിലെ പിരിവിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് നാല് കൊല്ലം മുമ്പുള്ള കേസ് പൊക്കികൊണ്ടുവന്നതെന്നും സതീശന്‍ ആരോപിച്ചു. ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ ബോധ്യപ്പെട്ടതാണ്.
പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ആഭ്യന്തര വകുപ്പ് തള്ളിക്കളഞ്ഞ കേസാണിത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് പോലും അയയ്ക്കാതെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കേസ് തള്ളിയതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
യുഎസില്‍ നടക്കുന്ന അനധികൃത പിരിവിന്റെ പേരില്‍ മുഖ്യമന്ത്രി ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. ഈ സാഹചര്യത്തിലാണ് തനിക്കെതിരെ നിലനില്‍ക്കാത്ത ഒരു കേസില്‍ അന്വേഷണം നടത്തുന്നത്. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് താന്‍ പിന്മാറില്ലെന്നും സതീശന്‍ പ്രതികരിച്ചു.
Discussion about this post