ന്യൂഡല്‍ഹി: സുശക്തമായ ലോക്പാല്‍ ബില്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സമരം അവസാനിപ്പിച്ചു ഈ യത്‌നത്തോടു ഹസാരെ സഹകരിക്കണമെന്നും ലോക്‌സഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭ്യര്‍ത്ഥിച്ചു. ഹസാരെയുടെ ജീവന്‍ ഏറെ വിലപ്പെട്ടതാണെന്നും അതിനാല്‍ അന്നാ ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന് ലോക്‌സഭ ഐകകണ്‌ഠ്യേന ആവശ്യം ഉന്നയിച്ചു. അഴിമതി ബഹുമുഖമാണ്. അതു നിര്‍മ്മാര്‍ജ്ജനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും യോജിക്കുകയായിരുന്നു.
ഹസാരെ ആവശ്യപ്പെട്ടതുപോലെ ജനലോക്പാല്‍ ബില്‍ സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബില്ലുകളുടെ ഗുണങ്ങളും പോരായ്മകളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഹസാരെയുടെ ആദര്‍ശങ്ങളെ ആദരപൂര്‍വം മാനിക്കുന്നു. അദ്ദേഹം നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാകണം. സ്പീക്കര്‍ മീരാ കുമാറും ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
അഴിമതിക്കെിതായ പോരാട്ടത്തില്‍ രാഷ്ട്രത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അഴിമതി നീക്കുന്നതില്‍ തുല്യബാധ്യതയുണ്ട്. നാല്‍പതു വര്‍ഷത്തെ പൊതുജന സേവനപാരമ്പര്യമുള്ള തനിക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നു. ഏഴുവര്‍ഷത്തെ ഭരണത്തില്‍ തെറ്റുപറ്റിയിട്ടുണ്ടാവാം. എന്നാല്‍, അഴിമതിക്കു കൂട്ടുനില്‍ക്കുന്നു എന്നു പറയുന്നതില്‍ വാസ്തവമില്ല. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായ നിസാര ആരോപണങ്ങള്‍ അവഗണിക്കുന്നു. ഇതിനു മറുപടി പറയാന്‍ മാന്യത അനുവദിക്കുന്നില്ല. തന്റെയും ബന്ധുക്കളുടെയും സ്വത്തുവകകള്‍ പ്രതിപക്ഷത്തിനു പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post