മസ്‌കറ്റ്/ ഗാന്ധിനഗര്‍: അറബി കടലില്‍ രൂപം കൊണ്ട ‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കാറ്റഗറി ഒന്നിലേക്ക് മാറിയതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്‍ സുല്‍ത്താനേറ്റില്‍ നിന്ന് 770 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ പ്രഭവ കേന്ദ്രം. തിരമാലകള്‍ മൂന്നു മുതല്‍ ആറു മീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍ തീരങ്ങളിലേക്കാണ് കാറ്റ് നീങ്ങി കൊണ്ടിരിക്കുന്നത്. ജൂണ്‍ 15ന് ഗുജറാത്ത്, കറാച്ചി എന്നീ പ്രദേശങ്ങളുടെ കര തൊടാന്‍ സാധ്യതയുണ്ട്.
അതേസമയം ചുഴലിക്കാറ്റ് ഗുജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലകളിലൂടെ ജാഖു തുറമുഖത്തിന് സമീപത്തായി കരതൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ തന്നെ പ്രദേശത്ത് നിന്ന് പതിനായിരങ്ങളെയാണ് ഒഴിപ്പിക്കുന്നത്. നാശനഷ്ട സാധ്യതയുള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നത്. ഗുജറാത്തിലെ ഓഖ തീരത്തുനിന്നും 46 കിലോമീറ്റര്‍ അകലെയുള്ള ജാക്ക്-അപ്പ് ഒയില്‍ റിഗില്‍ നിന്ന് 50 പേരെയാണ ഐസിജി ഒഴിപ്പിച്ചത്. ഐസിജിയുടെ സിജി 800 ഹെലികോപ്ടറിലാണ് ഒഴിപ്പിക്കല്‍ ദൗത്യം തുടരുന്നത്. മറ്റ് കേന്ദ്ര ഏജന്‍സികളും മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. കച്ചില്‍ നിന്നുമാണ് ഏറ്റവുമധികം പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചത്.
Discussion about this post