തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് 1,000 ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21-ന് ക്ലബുകള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന യോഗ ക്ലാസുകളുടെ തുടര്‍ച്ചയായി പരമാവധി വാര്‍ഡുകളിലേക്ക് ക്ലബുകള്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.













