തിരുവനന്തപുരം: പൊതുഗതാഗതമായി കെഎസ്ആര്‍ടിസി നേടിയ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി കൊറിയര്‍, ലോജിസ്റ്റിക്‌സ് സംവിധാനം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ധനവും വൈവിധ്യവല്‍ക്കരണവും ഇതിലൂടെ ലക്ഷ്യമാക്കുന്നു. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനമെന്ന നിലയില്‍ വിവിധ ബസ് സര്‍വീസുകളെ ബന്ധിപ്പിച്ച് ചരക്ക് നീക്കം സുഗമമാക്കുവാനാണ് കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പദ്ധതി വിഭാവനം ചെയ്യുന്നത്. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍, പാര്‍സല്‍ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊറിയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതോടൊപ്പം 30 ശതമാനം വരെ ചാര്‍ജിനത്തില്‍ കുറവും ജനങ്ങള്‍ക്ക് ലഭിക്കും.
വരുമാനത്തിനനുസൃതമായി ജീവനക്കാര്‍ക്ക് ഇന്‍സന്റീവ് നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. നവീനമായ സൂപ്പര്‍ ക്ലാസ് ബസുകള്‍, ഇലക്ട്രിക് ബസുള്‍പ്പെടുന്ന സിറ്റി സര്‍ക്കുലര്‍ ബസ്, ഗ്രാമ വണ്ടി സേവനം, ബജറ്റ് ടുറിസം, യാത്ര ഫ്യുവല്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിവിധ പദ്ധതികളിലൂടെ കെഎസ്ആര്‍ടിസി വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post