തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കരിയര്‍ ഗൈഡന്‍സിന് നിര്‍ണായക പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ)-ന്റെ സഹകരണത്തോടെ വാമനപുരം നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച അക്ഷരോത്സവം 2023 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്കും അഭിരുചിക്കും മൂല്യങ്ങള്‍ക്കുമനുസരിച്ചുള്ള തൊഴില്‍ സാധ്യതകള്‍ മനസിലാക്കുന്നതിന് കരിയര്‍ ഗൈഡന്‍സ് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. കരിയര്‍ ആസൂത്രണത്തില്‍ സജീവമായ സമീപനം വളര്‍ത്തുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വിപണിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുവാനും പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച തീരുമാനമെടുക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
വെഞ്ഞാറമൂട് കീഴായികോണം സ്മിത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു. എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് ഡയറക്ടര്‍ വീണ എന്‍. മാധവന്‍ മുഖ്യ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post