ഇംഫാല്‍: മെയ്തീ – കുക്കി വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ കേന്ദ്ര വിദേശകാര്യ, വിദ്യാഭ്യാസ സഹമന്ത്രി രാംകുമാര്‍ രഞ്ജന്‍ സിംഗിന്റെ വസതി വ്യാഴാഴ്ച രാത്രി ജനക്കൂട്ടം കത്തിച്ചു. മന്ത്രി കേരളത്തില്‍ ആയിരുന്നു. പരിപാടികള്‍ റദ്ദാക്കി അദ്ദേഹം അടിയന്തരമായി മടങ്ങുകയായിരുന്നു. കുക്കി വംശജനാണ് മന്ത്രി.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മന്ത്രിയുടെ വസതിയില്‍ ജനക്കൂട്ടം ഇരച്ചുകയറി കാവല്‍ക്കാരെ അടിച്ചോടിക്കുകയായിരുന്നു, അതിനുശേഷം കാറുകളും ടൂ വീലറുകളും തീവച്ചു. ഔട്ട്ഹൗസ് പൂര്‍ണമായും കത്തി. ആര്‍ക്കും പരിക്കില്ല. അഗ്‌നിശമന സേന എത്തിയതിനാല്‍ വസതിക്ക് വലിയ നാശം ഇല്ല. പാഞ്ഞെത്തിയ പൊലീസും അര്‍ദ്ധസൈനികരും ജനക്കൂട്ടത്തെ വിരട്ടിയോടിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വീടിന് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞെന്നും കേടുപാടുകള്‍ സംഭവിച്ചെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. ബുധനാഴ്ച സംസ്ഥാനത്തെ ഏക വനിതാ മന്ത്രി നെംച കിപ്ജനിന്റെ ഒഴിഞ്ഞ വസതി അക്രമികള്‍ തീയിട്ടിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീടുകള്‍ കത്തിച്ച അക്രമികള്‍ ഇംഫാല്‍ നഗരത്തില്‍ ദ്രുതകര്‍മ്മ സേനയുമായി ഏറ്റുമുട്ടിയിരുന്നു. അന്ന് ബിഷ്ണുപൂര്‍ ജില്ലയില്‍ സായുധരായ കുക്കികളുടെ ആകണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചില യുവാക്കള്‍ ദ്രുതകര്‍മ്മ സേനയെയും ആക്രമിച്ചു. ന്യൂ ചെക്കോണില്‍ കുക്കികളുടെ മൂന്ന് കടകളും കത്തിച്ചിരുന്നു.
Discussion about this post