ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച കാപ്പികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിച്ചുനീക്കി. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച റിസോര്‍ട്ടാണ് പൂര്‍ണമായും പൊളിച്ചുനീക്കിയത്. വേമ്പനാട്ടു കായലിന്റെ ആവാസ വ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും റിസോര്‍ട്ട് പ്രതികൂലമായി ബാധിച്ചതോടെയാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും നിയമനടപടിയുമായി മുന്നോട്ടുപോയത്. 2013 ജൂലൈയില്‍ പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പൊളിച്ചുനീക്കണമെന്നു തന്നെയായിരുന്നു ഉത്തരവ്. തുടര്‍ന്ന് ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പൊളിക്കല്‍ തുടങ്ങിയത്. ഉടമകള്‍ സമര്‍പ്പിച്ച പ്ലാന്‍ അടിസ്ഥാനമാക്കിയാണ് പൊളിക്കല്‍ പൂര്‍ത്തീകരിച്ചത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പൊളിക്കലും അവശിഷ്ടങ്ങള്‍ നീക്കലും നടന്നത്. തീരദേശ നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നു കാണിച്ചു ചേര്‍ത്തല പാണാവള്ളിയിലെ മത്സ്യതൊഴിലാളികള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചുനീക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടത്.
ഏകദേശം 11 ഏക്കറോളം വരുന്ന ദ്വീപിലാണ് റിസോര്‍ട്ട് നിര്‍മിച്ചിരുന്നത്. 35,900 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള കെട്ടിടവും 54 വില്ലകളും ഓഫീസ് ഉള്‍പ്പടെയുള്ള മറ്റു കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കിയത്. പൊളിക്കാന്‍ സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. ഇതു പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടുമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്കു നേരത്തെ മുന്നറിയിപ്പും നല്‍കിയിരുന്നു.
Discussion about this post