ന്യൂഡല്‍ഹി: അമേരിക്ക, ഈജിപ്ത് സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്രതിരിക്കും. ഉജ്ജ്വല സ്വീകരണമൊരുക്കി അമേരിക്ക. ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ എത്തുന്ന പ്രധാനമന്ത്രി ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്തു അന്താരാഷ്ട്ര യോഗാദിന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.
വ്യാഴാഴ്ചയാണു ഔദ്യോഗിക ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുള്ളത്. വൈറ്റ് ഹൗസില്‍ ഔപചാരിക സ്വീകരണം, തുടര്‍ന്നു ബൈഡനുമായുള്ള കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ നടത്തവേ പ്രധാനമന്ത്രി യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കും. വൈകുന്നേരം വൈറ്റ്ഹൗസില്‍ ഔദ്യോഗിക വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച ബിസിനസ്, അക്കാദമിക് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈസ് പ്രസിഡന്റ് കമല ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമൊപ്പം ഉച്ചഭക്ഷണം. തുടര്‍ന്ന് യുഎസിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന വിവിധ സമ്മേളനത്തില്‍ പങ്കെടുക്കും.
യുഎസ് യാത്ര കഴിഞ്ഞാണ് മോദിയുടെ ഈജിപ്ത് സന്ദര്‍ശനം. ശനിയാഴ്ച ഉച്ചകഴിഞ്ഞു കെയ്റോയില്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തും. തുടര്‍ന്ന് ഈജിപ്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങും. ഞായറാഴ്ച രാവിലെ പ്രസിദ്ധമായ അല്‍ ഹക്കിം മസ്ജിദ് സന്ദര്‍ശിക്കും. ഒന്നാം ലോകയുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികരുടെ ഹീലിയോപൊലിസ് സ്മാരകത്തില്‍ ശ്രദ്ധാഞ്ജലിയും അര്‍പ്പിക്കും.
Discussion about this post