തിരുവനന്തപുരം: വായനയെ വീണ്ടെടുക്കാന്‍ സമൂഹം അതീവശ്രദ്ധ പുലര്‍ത്തണമെന്ന് നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. സാംസ്‌കാരികാപചയങ്ങളെ ചെറുക്കാന്‍ നല്ല പുസ്തകമാണ് മികച്ച ആയുധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുസ്തകവായനയെ കൗമാരം നിരാകരിക്കുകയാണെന്നും അത് ഭയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വായനാദിന ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡയറക്ടര്‍ ഡോ. മ്യൂസ് മേരി അധ്യക്ഷയായി. അസി. എഡിറ്റര്‍ ആര്‍. അനിരുദ്ധന്‍, സബ് എഡിറ്റര്‍ ഡോ. രേഖ ആര്‍. നായര്‍, എം. ബിനുകുമാര്‍, കെ.എന്‍. ലിന്‍സ എന്നിവര്‍ സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈബ്രറിയിലെ അപൂര്‍വ ശേഖരങ്ങളടങ്ങുന്ന പുസ്തകങ്ങളുടെ പ്രദര്‍ശനവും വിവിധ മത്സരപരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവിതരണവും പ്രേംകുമാര്‍ നിര്‍വഹിച്ചു.
Discussion about this post