തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ത്തിലേക്ക് കടന്നു. തിങ്കളാഴ്ച പനിബാധിതരുടെ എണ്ണം 12,984 ആയിരുന്നു.
മലപ്പുറം ജില്ലയില്‍ 2,171 പേര്‍ക്കാണ് പനി. സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരേ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 110 പേര്‍ക്കാണ് ഡെങ്കിപ്പനി. ഇതില്‍ 43 എണ്ണം എറണാകുളത്താണ്. എട്ടുപേര്‍ക്ക് എലിപ്പനിയും മൂന്നുപേര്‍ക്ക് മലേറിയയും പിടിപ്പെട്ടിട്ടുണ്ട്.
കേസുകള്‍ കൂടുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ വര്‍ധിപ്പിക്കും.
മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തും. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ കോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ഐഎംഎയുമായും ഐഎപിയുമായും ചര്‍ച്ച നടത്തും.
വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.
ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ആശുപത്രിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളില്‍ കൊതുകുവല ഉപയോഗിക്കണം. ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനുള്ള ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിക്കണം. ക്രിട്ടിക്കല്‍ കെയര്‍ മാനേജ്‌മെന്റ് സൗകര്യങ്ങള്‍ ഉറപ്പാക്കണം. തദ്ദേശസ്ഥാപന പ്രതിനിധികളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റി ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. പ്രതിരോധ മരുന്ന് കഴിക്കാത്തവരാണ് എലപ്പനിമൂലം മരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post