തെന്മല: പിന്നാക്കവിഭാഗ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പട്ടികവര്‍ഗ്ഗ മേഖലയായ തൊടുമല വാര്‍ഡില്‍ ഒരുകോടി രൂപ അനുവദിച്ചു നടപ്പിലാക്കിയ, അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച തെന്മല കമ്മ്യൂണിറ്റി ഹാള്‍, പീയണിപ്പാറ- കണ്ണുമാമൂട് റോഡ്, പുരവിമല തേക്കിന്‍മൂട് റോഡ് എന്നിവയുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും തൊടുമല വാര്‍ഡില്‍ 14 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന ജലജീവന്‍ മിഷന്‍ സമ്പൂര്‍ണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കി പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം. റോഡുകള്‍, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങള്‍ മിക്കയിടങ്ങളിലും എത്തിച്ചു. ഡിസംബര്‍ 31 ഓടെ ആദിവാസി മേഖലയില്‍ സമ്പൂര്‍ണമായി ഇന്റര്‍നെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
തൊടുമല വാര്‍ഡിലെ 86 കുടുംബങ്ങള്‍ക്കാണ് കമ്മ്യൂണിറ്റി ഹാളും കണ്ണമാമൂട് റോഡും വന്നതോടെ ആശ്വാസം ലഭിച്ചത്. തൊടുമല വാര്‍ഡിലെ 11 സെറ്റില്‍മെന്റ് കോളനികളിലെ 750 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി 10.45 കോടി രൂപ ചിലവിലാണ് നടപ്പാക്കുന്നത്. അമ്പൂരി കൃഷിഭവന്‍ വഴി നടപ്പാക്കുന്ന ‘ഒരു കുട്ട പൂക്കള്‍’ കൃഷി പദ്ധതിയും മന്ത്രി ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.
സി കെ ഹരീന്ദ്രന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ മേഘശ്രീ ഡി ആര്‍, വിവിധ തദ്ദേശ ഭരണ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post