തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വര്‍ഷങ്ങളായുള്ള ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ യോഗം വിളിച്ചു മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ ഓഫീസുകളിലെ ഫയലുകള്‍ കുടിശിക രഹിതമാക്കാന്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റിലെ ജീവനക്കാരുടെ യോഗത്തില്‍ മന്ത്രി മന്ത്രി പറഞ്ഞു.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കണം. ചുമതലയുള്ള ഓഫീസര്‍മാര്‍ സെക്ഷനുകളിലെ ഒഎമാര്‍ വരെയുള്ളവരുടെ യോഗം വിളിച്ചു ഫയല്‍ തീര്‍പ്പിന് ആക്കം കൂട്ടണം. സ്‌കൂള്‍ കെട്ടിട നിര്‍മാണ ഫയല്‍ സംബന്ധിച്ച പരാതികളില്‍ 15 ദിവസത്തിനകം നടപടി വേണം. കോടതി കേസുകളില്‍ ചുമതലയുള്ള അഭിഭാഷകരുമായി ആശയവിനിമയം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തര തീര്‍പ്പിന്റെ സാധ്യത തേടണം.
ഓഫീസുകളെയും സ്‌കൂളുകളെയും കുറിച്ചു ലഭിക്കുന്ന പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ട ഫയലുകള്‍ വിജിലന്‍സ് സെക്ഷന്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യണം. ചലഞ്ച് ഫണ്ട് സംബന്ധിച്ച് ലഭ്യമായ അപേക്ഷയിന്മേല്‍ 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Discussion about this post