കെയ്റോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് ദി നൈല്‍’ സമ്മാനിച്ചു. രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന മോദിക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയാണ് ബഹുമതി സമ്മാനിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ കൗതുകത്തോടെയാണ് ലോകരാജ്യങ്ങള്‍ വീക്ഷിച്ചത്. ഇന്ത്യയും ഈജിപ്തും തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. ഇതിനായുള്ള കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഈജിപ്തിലെ ലോകമഹായുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച മോദി ആയിരം വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ അല്‍ ഹക്കീം പള്ളിയും സന്ദര്‍ശിച്ചു. മൂന്നുമാസം മുമ്പാണ് പള്ളിയുടെ പുനരുദ്ധാരണം പൂര്‍ത്തിയായത്.
നാല് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ വൈകിട്ടാണ് ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ എത്തിയത്. മദ്ബൗലിയുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ഷൗക്കി ഇബ്രാഹിം അബ്ദുല്‍ കരീം അല്ലാം അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇരുപത്താറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്തില്‍ എത്തുന്നത്.
Discussion about this post