തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും പുതിയ സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ക്ക് ദര്‍ബേഷ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഈ മാസം 30നു വിരമിക്കുന്നതിനാലാണ് പുതിയ തീരുമാനം.
വിരമിച്ചശേഷം സര്‍വീസ് നീട്ടി നല്കിയ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ കാലാവധിയും 30ന് അവസാനിക്കുകയാണ്. പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും 30നു സ്ഥാനമേല്‍ക്കും.
സംസ്ഥാനത്തിന്റെ 48-ാമതു ചീഫ് സെക്രട്ടറിയാകുന്ന വേണു വാസുദേവന്‍ എന്ന ഡോ. വി.വേണു ആലപ്പുഴ സ്വദേശി വാസുദേവപ്പണിക്കരുടെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറായിരുന്ന പി. ടി. രാജമ്മയുടെയും മകനാണ്. എംബിബിഎസ് നേടിയശേഷമാണു സിവില്‍ സര്‍വീസിലെത്തിയത്.
നിലവില്‍ ആഭ്യന്തര- വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് 1990 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.വി. വേണു. ടൂറിസം ഡയറക്ടര്‍, ടൂറിസം, സാംസ്കാരിക സെക്രട്ടറി, റവന്യു, ദുരന്ത നിവാരണ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലും സേവനം അനുഷ്ഠിച്ചു. ഭാര്യ: തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്. മക്കള്‍: കല്യാണി, ശബരി.
ആന്ധ്രപ്രദേശ് സ്വദേശിയായ ഷെയ്ക്ക് ദേര്ബഷ് സാഹിബ് 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. നിലവില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. ഭാര്യ ഷെയ്ഖ് ഫരീദാ ഫാത്തിമ. മക്കള്‍: ഡോ. അയിഷാ ആലിയ, ഫറാസ് മുഹമ്മദ്. മരുമകന്: മുഹമ്മദ് ഇഫ്ത്തിക്കര്‍.
Discussion about this post