തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ എതിര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗിയുടെ ജീവനാണ് പ്രഥമ പരിഗണനയെന്ന അന്താരാഷ്ട്ര മാനദണ്ഡമാണ് അവിടെ പാലിക്കേണ്ടതെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പറഞ്ഞു. തിയേറ്ററില്‍ രോഗിക്ക് അണുബാധ ഉണ്ടാകാതിരിക്കാനാണ് മുന്‍ഗണന. വേഗത്തില്‍ തീരുമാനമെടുക്കാവുന്ന വിഷയമല്ലെന്നും സര്‍ജന്‍മാരോട് ഉള്‍പ്പെടെ സംസാരിച്ച് തീരുമാനമെടുക്കാമെന്ന് വിദ്യാര്‍ത്ഥിനികളെ അറിയിച്ചതായും പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെമോറിസും വ്യക്തമാക്കി.
തിയേറ്ററില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ ജൂണ്‍ 26ന് പ്രിന്‍സിപ്പലിന് നല്‍കിയ കത്തിന്റെ പശ്ചാത്തലത്തിലാണ് ഐ.എം.എ നിലപാട് വ്യക്തമാക്കിയത്. 2020,2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് കത്തില്‍ ഒപ്പിട്ടിരുന്നത്. തിയേറ്ററില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല. മതവിശ്വാസമനുസരിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ തിയേറ്ററില്‍ തലയും കൈകളും മറയ്ക്കുന്ന വസ്ത്രം വേണമെന്നായിരുന്നു കത്തിലെ ആവശ്യം.
Discussion about this post