പുരാണങ്ങളിലൂടെ…
രാമേശ്വര ജ്യോതിര്‍ലിംഗത്തിന്റെ ആവിര്‍ഭാവം രാമായണകഥയുമായി ബന്ധപ്പെട്ടതാണ്. ഭഗവാന്‍ വിഷ്ണുവിന്റെ രാമാവതാര വേളയില്‍ അദ്ദേഹത്തിന്റെ ധര്‍മ്മദാരങ്ങളായ സീതാ ദേവിയെ രാവണന്‍ ലങ്കയിലേയ്ക്ക് കടത്തിക്കൊണ്ടുപോയിരുന്നുവല്ലോ. സീതയെ വീണ്ടെടുക്കാന്‍ ഉള്ള പരിശ്രമത്തിന്റെ ഭാഗമായി ഒരു മഹാവാനരസേനയോടൊപ്പം സൂഗ്രീവനുമായി ശ്രീരാമചന്ദ്രന്‍ തെക്കേ സമുദ്രതീരത്തു വന്നു.
ഈ മഹാ സമുദ്രം എങ്ങനെയാണ് തരണം ചെയ്യേണ്ടത്? ഈ രാവണനുമായി യുദ്ധം ചെയ്ത് എങ്ങനെ അയാളെ തോല്പിക്കാം എന്നീ കാര്യങ്ങള്‍ ശ്രീരാമചന്ദ്രന്‍ ആലോചിക്കുകയായിരുന്നു. ഈ അവസരത്തില്‍ ശ്രീരാമചന്ദ്രനു ദാഹം അനുഭവപ്പെട്ടു. വെള്ളം ആവശ്യപ്പെട്ട അദ്ദേഹത്തിന് വാനരന്‍മാര്‍ കരിക്കിന്‍ ജലം കൊണ്ടുക്കൊടുത്തു. സന്തുഷ്ടനായ ഭഗവാന്‍ ആ കരിക്കിന്‍ ജലം പാനം ചെയ്യവേ, ചിന്തിച്ചൂ ‘ഞാന്‍ എന്റെ സ്വാമി ഭഗവാന്‍ ശങ്കരനെ ദര്‍ശിച്ചില്ലല്ലോ? ഭഗവത് ദര്‍ശനത്തിനു മുമ്പ് എങ്ങനെ വെള്ളം കുടിക്കും’. ഇങ്ങനെ ചിന്തിച്ച അദ്ദേഹം വെള്ളം കുടിച്ചില്ല. വെള്ളം മാറ്റിവച്ച ശ്രീരാമന്‍ ശിവപൂജ ചെയ്യാന്‍ തുടങ്ങി. ആചാര-ഉപചാരങ്ങള്‍ അനുസരിച്ചുള്ള ഒരു ഭക്തന്റെ ഗംഭീരമായ പൂജയായിരുന്നു, ആ ശിവപൂജ, ഈടുറ്റ ഭക്തി ഭാവത്തോടെ ശ്രീരാമന്‍ മഹാദേവനോടു പ്രാര്‍ത്ഥിച്ചു, “ഹേ ജഗദീശ്വരാ, അവിടുന്ന് ഈയുള്ളവനെ സഹായിക്കണം. അവിടുന്ന് പ്രസാദിക്കാതെ വിജയം സാദ്ധ്യമല്ല.
രാവണനും അവിടുത്തെ ഭക്തനാണെന്നും ആരാലും പരാജയപ്പെടുത്താന്‍ പറ്റാത്തവനാണെന്നും അറിയാം. അങ്ങയില്‍ നിന്നും ആര്‍ജ്ജിച്ച വര ബലത്താല്‍ അയാള്‍ ധിക്കാരിയായിരിക്കുന്നു. അയാള്‍ ത്രിഭുവന വിജയിയായിരിക്കുന്നു. ഇവിടെ ഞാനും അവിടുത്തെ ദാസന്‍ തന്നെ. അതുകൊണ്ട് സാത്വിക പന്ഥാവിലുള്ള എന്നോടു അങ്ങ് കൂടുതല്‍ വാത്സല്യം ഉള്ളവനായി തീരണം.” തുടര്‍ന്ന് ശ്രീരാമചന്ദ്രന്‍ ‘ജയശങ്കര, ജയശങ്കര’, എന്നുദ്‌ഘോഷിച്ചുകൊണ്ട് ശിവനെ സ്തുതിക്കാന്‍ തുടങ്ങി. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള മന്ത്രജപവും പൂജയും കഴിഞ്ഞു അദ്ദേഹം ശിവലിംഗത്തിനു മുന്നില്‍ നൃത്തം ആടാന്‍ തുടങ്ങി. ആ വേളയില്‍ അദ്ദേഹത്തിന്റെ ഹൃദയം ഭക്തിഭാവം കൊണ്ട് ആര്‍ദ്രമായിരുന്നു.
ശ്രീരാമചന്ദ്രനില്‍ പ്രസന്നനായ മഹാദേവന്‍ പാര്‍വ്വതീ ദേവിയോടും തന്റെ ഭൂതഗണങ്ങളോടും കൂടി അവിടെ പ്രത്യക്ഷപ്പെട്ടു. ആ രൂപം കണ്ട സമസ്ത പ്രാണികളും പവിത്രരായിത്തീര്‍ന്നു. സാക്ഷാല്‍ ശിവനെ ശിവധര്‍മ്മപരായണനായ ശ്രീരാമന്‍ പൂജിച്ചു. വരാനിരിക്കുന്ന രാവണ യുദ്ധത്തില്‍ തനിയ്ക്ക് വിജയം ഉണ്ടാവണമേ എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സന്തുഷ്ടനായ മഹാദേവന്‍ നിനക്കു വിജയം ഉണ്ടാകട്ടെയെന്ന് ശ്രീരാമചന്ദ്രനെ അനുഗ്രഹിച്ചു.
ശിവദര്‍ശനത്തിലും അനുഗ്രഹത്തിലും സന്തുഷ്ടനായിത്തീര്‍ന്ന ശ്രീരാമചന്ദ്രന്‍, ഭഗവാനോടു അവിടെത്തന്നെ കുടിക്കൊള്ളാന്‍ അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥന മാനിച്ച് ഭഗവാന്‍ ശിവന്‍ ജ്യോതിര്‍ലിംഗമായി അവിടെ സ്ഥിതി ചെയ്തു. ആ ജ്യോതിര്‍ലിംഗത്തിന്റെ അനുഗ്രഹം കൊണ്ടാണ് ശ്രീരാമചന്ദ്രനും കൂട്ടരും അനായാസേന സമുദ്രം താണ്ടിയതും രാവണനടക്കമുള്ള രാക്ഷസരെ സംഹരിച്ച് സീതയെ വീണ്ടെടുത്തത്.
രാമേശ്വര ഭഗവാന്‍ ഭൗതികവും ആദ്ധ്യാത്മികവുമായ സമ്പത്തു പ്രദാനം ചെയ്യുന്ന ദേവനാണ്. ദിവ്യമായ ഗംഗാ ജലം കൊമ്ട് രാമേശ്വര ഭഗവാനെ അഭിഷേകം ചെയ്യുന്നവര്‍ ജീവന്‍ മുക്തരായിത്തീരും. ഇഹലോകത്തും പരലോകത്തും അവര്‍ ആനന്ദം അനുഭവിക്കും.
“ഭൂഭുക്ഷിതം ന പ്രതിഭാതി കിംചിത്” – ആളിക്കത്തുന്ന വിശപ്പുള്ളവന് വിവേകമുണ്ടാവുകയില്ലാ എന്നതാണ് ഈ ചൊല്ലിന്റെ അര്‍ത്ഥം. വിശപ്പിലും ദാഹത്തിലും ഒരുവന്‍പെട്ടുപോയാല്‍ അവനില്‍ ധര്‍മ്മാധര്‍മ്മത്തിന്റെയോ സത്യാസത്യത്തിന്റെയോ ത്യാജ്യഗ്രാഹ്യ വിവേകം ഉണ്ടാവുകയില്ല.
ഉറ്റവരുടെ പ്രേതങ്ങളില്‍ ചവിട്ടിനിന്ന് വിശപ്പിനുള്ള വിഭവങ്ങള്‍ എത്തിപ്പിടിച്ചെടുത്ത കഥകള്‍ ഈ സമൂഹത്തിലുണ്ട്. ഇത്തരം ഒരവസ്ഥയിലും വിവേകം വെടിയാതെ ധര്‍മ്മപദത്തില്‍ ഉറച്ചു നില്ക്കണം എന്നാണ് സനാതന ധര്‍മ്മം ഉദ്‌ഘോഷിക്കുന്നത്. ദാഹിച്ചു നാക്കു വരണ്ട ശ്രീരാമദേവന്റെ, കൈയില്‍ കിട്ടിയ ഇളനീര്‍ അദ്ദേഹത്തിന് അപ്പോള്‍ പാനയോഗ്യമാകാത്തത് ധാര്‍മ്മികമായ കര്‍മ്മ നിര്‍വ്വഹണത്തിലുള്ള അജയ്യമായ വാഞ്ചയാണ്. ആ ധാര്‍മ്മികമായ സങ്കല്പത്തിനു മുന്നില്‍ ദാഹം പമ്പ കടന്നിരുന്നു. ഇതും ഒരു ത്യാഗമാണ്. ത്യാഗിക്കുമാത്രമേ വിജയം കരഗതമാവുകയുള്ളൂ. ഒരിറ്റു വെള്ളത്തിനു നാക്കു വരണ്ടപ്പോള്‍ പേയം ത്യജിച്ച് ധേയം വരിച്ച ശ്രീരാമചന്ദ്രന്‍ വിജയം കൈരിക്ക തന്നെ ചെയ്തു.
Discussion about this post