കൊച്ചി: ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. പിവി ശ്രീനിജന്‍ നല്‍കിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ ഒളിവില്‍ കഴിയുന്ന മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തേടിയാണ് പോലീസ് പരിശോധന. ഓഫീസുകളില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് അടക്കം പോലീസുകാര്‍ പിടിച്ചെടുത്തതായി മറുനാടന്‍ മലയാളി ആരോപിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുളള ഓഫീസുകളില്‍ പരിശോധന നടത്തിയെന്നും സ്ഥാപനം വ്യക്തമാക്കുന്നു. നേരത്തെ തിരുവനന്തപുരത്തെ ഓഫീസിലെത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ ജീവനക്കാരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് നിരന്തരം വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജന്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരെ പരാതി നല്‍കിയത്. പട്ടികജാതി -പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കൊച്ചി എളമക്കര പോലീസ് കേസെടുത്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തളളിയതോടെ മുന്‍കൂര്‍ ജാമ്യം തേടി ഷാജന്‍ സ്‌കറിയ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്ര മുഖേനയാണ് ഹര്‍ജി നല്‍കിയത്.
അതേസമയം ഷാജന്‍ സ്‌കറിയയെ സര്‍ക്കാര്‍ ഒത്താശയോടെ വേട്ടയാടുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. പി.വി അന്‍വര്‍ എംഎല്‍എയും ഷാജന്‍ സ്‌കറിയയുമായുളള സമൂഹമാദ്ധ്യമങ്ങളിലെ പോരാണ് നിലവില്‍ ഷാജനെതിരെ കൂട്ടത്തോടെയുളള ആക്രമണത്തിലേക്ക് എത്തിച്ചത്. ഷാജനെതിരെ പരാതി നല്‍കുമെന്നും മറുനാടന്‍ ഓഫീസ് പൂട്ടിക്കുമെന്നും സമൂഹമാദ്ധ്യമത്തിലൂടെ പി.വി അന്‍വര്‍ വെല്ലുവിളിക്കുകയായിരുന്നു. അന്‍വറിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു വെല്ലുവിളി. മറുനാടന്‍ വാര്‍ത്തകള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയവരുടെ കൂട്ടായ്മയും ഇവര്‍ രൂപീകരിച്ചിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഷാജന്‍ സ്‌കറിയയെ പരാതിക്കാര്‍ വേട്ടയാടുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
Discussion about this post