ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കലിനു ശേഷം രണ്ടായിരം രൂപയുടെ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കാലയളവില്‍, 2.72 ലക്ഷം കോടി രൂപയുടെ 2,000 ത്തിന്റെ നോട്ടുകള്‍ എത്തിയതായി ആര്‍ബിഐ പറയുന്നു.
ബാങ്കുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇനി 0.84 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരികെയെത്താനുണ്ട്. 2,000 രൂപ മൂല്യമുള്ള മൊത്തം ബാങ്ക് നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപ രൂപത്തിലാണ്; ബാക്കിയുള്ള 13 ശതമാനം ആളുകള്‍ മാറ്റിയെടുത്തെന്നുമാണ് പ്രധാന ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍.
പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ 2,000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ്ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ആകെ 3.62 ലക്ഷം കോടി രൂപയുടെ 2,000 ത്തിന്റെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്.
2023 മേയ് 19 നാണ് 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. കറന്‍സി നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സെപ്റ്റംബര്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്.
Discussion about this post