തിരുവനന്തപുരം: കര്‍ണാടകയില്‍ നഴ്സിംഗ് പഠനത്തിന്റെ പേരില്‍ മലയാളി വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സന്‍ കെ ബൈജൂനാഥ് ഉത്തരവ് നല്‍കിയത്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചു. മാദ്ധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മിഷന്‍ നടപടി.
കൊവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് നഴ്‌സിംഗ് പഠനത്തിന് താല്‍പര്യം വര്‍ദ്ധിച്ചത്. ഏറ്റവുമധികം മലയാളി വിദ്യാര്‍ത്ഥികള്‍ നഴ്‌സിംഗ് പഠിക്കാന്‍ എത്തുന്നത് കര്‍ണാടകത്തിലെ കോളേജുകളിലാണ്. 1100 ഓളം നഴ്‌സിംഗ് കോളേജുകള്‍ ബംഗളൂരുവിലുണ്ട്. ബംഗളൂരുവിലെ നഴ്‌സിംഗ് കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ ഏജന്റുമാരുണ്ട്. കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും കബളിപ്പിക്കപ്പെടുന്നത്.
ഒരു വര്‍ഷം മൂന്ന് ലക്ഷത്തിലേറെയാണ് ഫീസിടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് 65000 രൂപ മാത്രമാണ്. കോളേജില്‍ നേരിട്ട് എത്തിയാല്‍ പ്രവേശനം ലഭിക്കില്ല. ഏജന്റുമാര്‍ വഴിയാണ് പ്രവേശനം നേടുന്നത്. കേരളത്തില്‍ നഴ്‌സിംഗ് സീറ്റുകളുടെ ദൗര്‍ലഭ്യമാണ് വിദ്യാര്‍ത്ഥികളെ കര്‍ണാടകത്തിലെത്തിക്കുന്നതെന്നാണ് ആരോപണം. പതിനായിരക്കണക്കിന് കുട്ടികള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് വിവരം.
Discussion about this post