തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ വ്യാപക നാശം. 14 വീടുകള്‍ പൂര്‍ണമായും 398 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ ശക്തമായതോടെ സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു. ഈ ക്യാന്പുകളിലായി 1154 പേരാണ് താമസിക്കുന്നത്. ഏറ്റവുമധികം ക്യാന്പുകള്‍ പത്തനംതിട്ട ജില്ലയിലാണ്. 23 ക്യാന്പുകളാണ് ജില്ലയില്‍ തുറന്നിട്ടുള്ളത്. 142 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.
കോട്ടയത്ത് 15, ആലപ്പുഴയില്‍ ആറും തൃശൂര്‍ രണ്ടും എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് ക്യാന്പുകള്‍ ആരംഭിച്ചത്. ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു.
ന്യൂനമര്‍ദത്തെ ത്തുടര്‍ന്നു സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തകര്‍ത്തുപെയ്യുന്ന മഴയില്‍ ആശങ്ക വേണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നും മന്ത്രിസഭയുടെ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണു കാലാവസ്ഥാ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട്. ഇതിനാല്‍ പ്രളയസാധ്യത കുറവായിരിക്കും. എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും മഴക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിച്ചുവരുന്നു.
റവന്യു വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും കണ്‍ട്രോള്‍ റൂമുകള്‍ ജില്ലാതലങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കിയതായി റവന്യു മന്ത്രി അറിയിച്ചു. മലയോരങ്ങളില്‍ രാത്രിസഞ്ചാരം വിലക്കിയതടക്കം മണ്ണിടിച്ചില്‍ ഭീതിയുള്ള പ്രദേശങ്ങളില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ മന്ത്രിസഭ വിലയിരുത്തി.
Discussion about this post