ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അരുണ്‍കുമാര്‍ മെഹന്ത, സെക്ഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് അമീര്‍ഖാന്‍, ടെക്നീഷ്യന്‍ പപ്പുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
അപകടത്തിന് കാരണം സിഗ്‌നലിംഗ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളുടെ വീഴ്ചയെന്ന് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബെഹനഗ സ്റ്റേഷനിലെ ജീവനക്കാര്‍ക്കെതിരെയാന്‍് സുരക്ഷാ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ട്രാക്കിന്റെ അറ്റകുറ്റുപ്പണികള്‍ ഇവിടെ നടന്നിരുന്നു. എന്നാല്‍ ട്രെയിന്‍ കടത്തി വിടുന്നതിന് മുമ്പ് സിഗ്‌നലിംഗ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ പാലിച്ചില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.അപകടത്തില്‍ ബാഹ്യ അട്ടിമറി നടന്നോയെന്നും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.
ജൂണ്‍ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ഗുഡ്സ് ട്രെയിന്‍ കിടന്ന ട്രാക്കിലേക്ക് കോറമാണ്ഡല്‍ എക്‌സ്പ്രസിന് പച്ച സിഗ്‌നല്‍ കിട്ടിയതാണ് അപകടകാരണം. ചെന്നൈയിലേക്കുള്ള കോറമാണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്കുള്ള യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 293 പേരാണ് മരിച്ചത്. അമ്പതോളം പേരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
Discussion about this post