ചെന്നൈ: യാത്രക്കാരുടെയും റെയില്‍വേ സോണുകളില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തില്‍ വന്ദേഭാരത് ട്രെയിനില്‍ മികച്ച ഇരുപത്തഞ്ചോളം സൗകര്യങ്ങള്‍ അധികമായി ഉള്‍പ്പെടുത്തുവാനുള്ള നീക്കം പുരോഗമിക്കുന്നു. ഇത്തരത്തിലുള്ള പുതിയ റേക്കുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മാണത്തിലാണ്. സുരക്ഷയുമായി ബന്ധപ്പെട്ടതും സാങ്കേതികവുമായ മെച്ചപ്പെടുത്തിയതുമായ 25 ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സീറ്റുകള്‍ കൂടുതല്‍ പിന്നിലേക്ക് ചായ്ക്കാനുള്ള സൗകര്യം, കൂടുതല്‍ മൃദുവായ സീറ്റുകള്‍, സീറ്റുകളോട് ചേര്‍ന്ന് കാലുകള്‍ കൂടുതല്‍ നീട്ടിവയ്ക്കാനുള്ള സൗകര്യം. മെച്ചപ്പെട്ട മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വെള്ളം തെറിക്കുന്നത് ഒഴിവാക്കാന്‍ ആഴം കൂടിയ വാഷ്ബേസിന്‍, ടോയ്ലറ്റുകളില്‍ മികച്ച വെളിച്ചം, വീല്‍ചെയറുകള്‍ക്ക് ഫിക്സിംഗ് പോയിന്റുകള്‍, എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് റെസിസ്റ്റീവ് ടച്ചില്‍ നിന്ന് കപ്പാസിറ്റീവ് ടച്ചിലേക്ക് റീഡിംഗ് ലാമ്പിന്റെ മാറ്റം. , മെച്ചപ്പെട്ട റോളര്‍ ബ്ലൈന്‍ഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
വരും മാസങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന റേക്കുകളില്‍ മെച്ചപ്പെട്ട സുരക്ഷയ്ക്കായി ആന്റി ക്ലൈംബിംഗ് സംവിധാനം സ്ഥാപിക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ ഭാരതത്തില്‍ ഇതൊരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പുകളുടെയും വന്ദേ മെട്രോ കോച്ചുകളുടെയും നിര്‍മ്മാണ പ്രക്രിയ കാര്യമായി പുരോഗമിക്കുകയാണ്. റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്കായി നൂതന സൗകര്യങ്ങളോടുകൂടിയ കോച്ചുകള്‍ നിര്‍മിക്കാനും റെയില്‍വേ പദ്ധതിയിടുന്നുണ്ട്. താഴ്ന്ന വിഭാഗത്തിലുള്ള യാത്രക്കാര്‍ക്ക് നല്ല നിലവാരമുള്ളതും സൗകര്യപ്രദവും സുരക്ഷിതവുമായ ട്രെയിനുകള്‍ ലഭ്യമാണെന്ന് ഇത് ഉറപ്പാക്കും’- മന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിനിന്റെ കളര്‍ കോഡില്‍ മാറ്റം വരുത്താന്‍ റെയില്‍വേ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ വെള്ള-നീല കളര്‍ പാറ്റേണിലുള്ള വന്ദേഭാരത് വരും മാസങ്ങളില്‍ കാവി – ഗ്രേ കളര്‍കോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളയും നീലയും നിറങ്ങള്‍ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാല്‍ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണ്. ഓരോ സര്‍വീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കളറുകള്‍ പരീക്ഷിക്കുന്നത്. കാവി – ഗ്രേ കോമ്പിനേഷന്‍ കൂടുതല്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവശത്തും കാവി പെയിന്റും വാതിലുകള്‍ക്ക് ചാരനിറവുമായിരിക്കും നല്‍കുക.
പരീക്ഷണാര്‍ത്ഥം ഒരു ബോഗി കളര്‍ ചെയ്തു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം പുതിയ കളര്‍കോഡ് നിലവില്‍ വരും.
Discussion about this post