ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് രണ്ടുമുതല്‍ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കും. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്.
കേന്ദ്രതീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 2019 ലെ ജമ്മു കാശ്മീര്‍ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജികളില്‍ പറയുന്നു.
ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ വിഷയത്തില്‍ എല്ലാ കക്ഷികളും ഈ മാസം 27നകം മറുപടി നല്‍കണമെന്നും അതിനുശേഷം മാറ്റങ്ങളൊന്നും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ വിചാരണ സുഗമമാക്കുന്നതിന് രണ്ട് അഭിഭാഷകരെ നോഡല്‍ അഭിഭാഷകരായി കോടതി നിയമിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രത്തിന്റെ പുതിയ സത്യവാംഗ്മൂലം പരിഗണിക്കാനും സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ തങ്ങളുടെ ഹര്‍ജിയില്‍ നിന്ന് പിന്മാറാന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലിനും ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദിനും സുപ്രീം കോടതി അനുമതി നല്‍കി.
Discussion about this post