തിരുവനന്തപുരം: മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി മത്സ്യബന്ധന ബോട്ട് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സംഭവത്തില്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പാര്‍ഷോത്തം രൂപാലയുമായി ചര്‍ച്ചയും നടത്തി. മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് വി മുരളീധരന്‍ കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു.
മുതലപ്പൊഴിയില്‍ രണ്ട് ദിവസം മുമ്പ് മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരില്‍ അവസാനത്തെ ആളുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ടോടെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശികളായ ബിജു സ്റ്റീഫന്‍, ബിജു ഫെര്‍ണാണ്ടസ്, കുഞ്ഞുമോന്‍, റോബിന്‍ എഡ്വേര്‍ഡ് എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.
മുതലപ്പൊഴിയില്‍ 2011 മുതല്‍ കഴിഞ്ഞ ആഴ്ചവരെ അപകടത്തില്‍ മരിച്ചത് 25 പേരാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ ഇതുവരെയുള്ള കണക്ക്. ഇതില്‍ രണ്ടുപേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. അഞ്ചുതെങ്ങ് മുതല്‍ വേളിവരെയുള്ള ഭാഗങ്ങളില്‍ 2011 മുതല്‍ ഇതുവരെ 63 മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകതയാണു മുതലപ്പൊഴിയില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നാണു മത്സ്യത്തൊഴിലാളികളുടെ ആരോപണം. കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ സ്ഥിരമായി അപകടത്തില്‍പ്പെട്ടു മരിക്കുന്ന സ്ഥലമെന്ന കുപ്രസിദ്ധിയും മുതലപ്പൊഴിക്കാണ്. മാറിവരുന്ന സര്‍ക്കാരുകള്‍ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നത്.
Discussion about this post