കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേലുള്ള തുടര്‍ നടപടികള്‍ കോഴിക്കോട് എന്‍.ഐ.എ. കോടതി ഈ മാസം 16 ലേക്ക് മാറ്റി. എല്ലാ പ്രതികളും അന്ന് ഹാജരാകണമെന്ന് എന്‍.ഐ.എ കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഏഴു പേരെ പ്രതി ചേര്‍ത്ത് എന്‍.ഐ.എ സംഘം ആഗസ്‌ത് രണ്ടിനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറാണ് ഒന്നാംപ്രതി. മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവരാണ് മറ്റു പ്രതികള്‍. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങി നിരവധി വകുപ്പുകളില്‍ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാം പ്രതി മുഹമ്മദ് അസറിനെയും മറ്റൊരു പ്രതി പി.പി. യൂസഫിനെയും എന്‍.ഐ.എ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം പ്രതിപ്പട്ടികയിലുണ്ടായിരുന്ന അബ്ദുള്‍ ജലീലിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. ഏഴാം പ്രതി ഷമ്മി ഫിറോസ് എല്ലാം തുറന്നു പറഞ്ഞ് മാപ്പുസാക്ഷിയാകാന്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇയാളെയും പ്രതിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2003 ലാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനം നടന്നത്.
Discussion about this post