കൊച്ചി: മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിനെ ആക്രമിച്ച് കൈവെട്ടിയ കേസില്‍ കൊച്ചി എന്‍ഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. വിചാരണ നേരിട്ട പതിനൊന്ന് പ്രതികളുടെ വിധിയാണ് ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ പ്രസ്താവിച്ചത്.
കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി, ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ നാളെ പ്രസ്താവിക്കും. ശിക്ഷിക്കപ്പെട്ട ആറ് പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവുമായിരുന്ന എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ 37 പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
Discussion about this post